ഹെയർ സലൂൺ സന്ദർശിച്ച 140 പേർക്ക് കോവിഡ്
Monday, May 25, 2020 10:32 AM IST
സ്പ്രിംഗ്ഫീൽഡ്: കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേർക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെൽത്ത് ഡിപ്പാർട്ടുമെന്‍റ്.

മേയ് 12 മുതൽ 20 വരെ കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരിൽനിന്നും 84 പേർക്കും മേയ് 16 മുതൽ 20 വരെ ജോലി ചെയ്ത മറ്റൊരു കൊറോണ വൈറസ് പോസിറ്റീവായ ജീവനക്കാരനുമായി ഇടപഴകിയ 56 പേർക്കും ഉൾപ്പെടെ 140 പേർക്കാണ് ഹെയർ സലൂണിൽനിന്നും കോവിഡ് രോഗം പകർന്നതെന്ന് സ്പ്രിംഗ് ഫീൽഡ് ഗ്രീൻ കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ആദ്യം രോഗം കണ്ടെത്തിയ സ്റ്റെലിസ്റ്റ് 8 ദിവസം കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടും ജോലിയിൽ നിന്നും വിട്ടുനിൽക്കാഞ്ഞതാണ് കാര്യങ്ങൾ ഇത്രയധികം ഗുരുതരാവസ്ഥയിൽ എത്തിച്ചത്.

സിറ്റി അധികൃതർ നിയന്ത്രണങ്ങളിൽ അല്പം അയവുവരുത്തിയതോടെയാണ് ഹെയർ സലൂണുകൾ തുറന്നു പ്രവർത്തിക്കാനാരംഭിച്ചത്. ഹെയർ സലൂണിൽ നിന്നും രോഗം വ്യാപിച്ച നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ