വർക്കി മുണ്ടക്കൽ കോർ എപ്പിസ്കോപ്പയുടെ സംസ്കാരം 14 ന്
Tuesday, September 10, 2019 9:18 PM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ സീനിയർ വൈദികനും വെസ്റ്റ് നായാക് സെന്‍റ് മേരീസ് ദേവാലയ വികാരിയുമായിരുന്ന വന്ദ്യ വർക്കി മുണ്ടക്കൽ കോർ എപ്പിസ്കോപ്പയുടെ സംസ്കരം ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്ത, ഐയൂബ് മോർ സിൽവാനോസ് മെത്രാപോലീത്ത (ക്നാനായ ഭദ്രാസനം, അമേരിക്ക, യൂറോപ്പ് റീജിയൻ) എന്നിവരുടെ മുഖ്യകാർമികത്വത്തിൽ സെപ്റ്റംബർ 14 (ശനി) മാതൃദേവാലയമായ സെന്‍റ് മേരീസ് വെസ്റ്റ് നായക് ചർച്ചിൽ പ്രാർഥനയ്ക്കുശേഷം റോക്ക്‌ലാൻഡ് സെമിത്തേരിയിൽ ( 201 കിംഗ്സ് ഹൈവേ, സ്പാർക്കിൽ, ന്യൂയോർക്ക്).

ഭാര്യ: സൂസൻ കല്ലാപ്പാറ കുടുംബാംഗമാണ്.മക്കൾ: ജയ, ജെറി, ജോയി, ജെസി. മരുമക്കൾ: ഷിബു മാത്യൂസ്, ലിസ വർക്കി, ബിജി വർക്കി, മൈക്കി തോമസ് (എല്ലാവരും യുഎസ്എ). കൊച്ചുമക്കൾ: ആരോൺ, റേച്ചൽ, ലിയാ, സാമുവേൽ, ഏവ, മീഖാ, സാറ, ആൻഡ്രു, ഒലിവിയ, ദാനിയേൽ.

സഹോദരങ്ങൾ: ഐപ്പ്, സാറാ, ലീല, ഫാ. ചെറിയാൻ സോമൻ.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിൽ എത്തിചേർന്ന വർക്കി അച്ചൻ, കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ നൂറു കണക്കിന് യാക്കോബായ വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിനും അവ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളിൽ ഒരാളിയിരുന്നു.പ്രഗൽഭ വാഗ്മിയും പണ്ഡിതനുമായിരുന്ന അച്ചൻ തനതായ പ്രവർത്തനശൈലിയും ലളിതവും സൗമ്യവുമായ പെരുമാറ്റവും മറ്റുള്ളവരോടുള്ള പ്രത്യേക കരുതലും കാത്തുസൂക്ഷിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു.

1936 ഒക്ടോബർ 24 ന് എറണാകുളം ജില്ലയിൽ പോത്താനിക്കാട് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം കോതമംഗലം മാർ അത്താനാസ്യോസ് കോളജ്, പാലാ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം പുർത്തിാക്കി. കേരളത്തിലെ വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. വൈദിക വൃത്തിയിൽ ആകൃഷ്ടനായി ഡോ. പൗലോസ് മോർ അത്താനാസ്യോസ് മെത്രാപോലീത്തായുടെ ശിക്ഷണത്തിൽ തിയോളജി അഭ്യസിച്ചു.


1978 ഓഗസ്റ്റ് 28 ന് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായിൽ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ചശേഷം ഏത്യോപ്യായിലെ അഡീസ് അബാബാ സെന്‍റ് മേരീസ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1981 മുതൽ 1987 വരെ നൈജീരിയയിലും മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രവർത്തിക്കുവാനും ഭാഗ്യം ലഭിച്ചു. 1987 ൽ ന്യൂജഴ്സിയിലേക്ക് കുടിയേറിയ അച്ചൻ കഴിഞ്ഞ 30 വർഷത്തിലധികമായി ഭദ്രാസനത്തിന്റെ സർവോത്മുഖമായ വളർച്ചയ്ക്കായി സേവനമനുഷ്ഠിച്ചു.

വർക്കി അച്ചന്റെ വേർപാട് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് തീരാനഷ്ടമാണെന്നും ഭദ്രാസനത്തിന്റെ വളർച്ചയ്ക്കും സത്യവിശ്വാസ സംരക്ഷണത്തിനുമായി അച്ചൻ നൽകിയ സേവനം ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും അച്ചന്‍റെ പ്രവർത്തനശൈലി വരും തലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ ഓർമിപ്പിച്ചു.

പൊതുദർശനം: സെപ്റ്റംബർ 12 (വ്യാഴം) വൈകിട്ട് 5 മുതൽ 9 വരേയും സെപ്റ്റംബർ 13( വെള്ളി) വൈകിട്ട് 5 മുതൽ 9 വരെയും സെന്‍റ് മാർക്ക് കത്തീഡ്രൽ, പരാമസ്.

സെപ്റ്റംബർ 14 ന് (ശനി) സെന്‍റ് മാർക്ക് കത്തീഡ്രലിൽ രാവിലെ 6 മുതൽ പ്രഭാത പ്രാർഥനയും, വിശുദ്ധ കുർബാനയും തുടർന്ന് 8 മുതൽ 9.15 വരെ സംസ്കാര ശുശ്രൂഷയും പൊതുദർശനവും നടക്കും.

വിവരങ്ങൾക്ക്:വെരി റവ. ചട്ടത്തിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പാ (വികാരി, വെസ്റ്റ് നായക് സെന്റ് മേരീസ് ചർച്ച്): 151 8928 6261, ഫാ. മത്തായി പുതുക്കുന്നത്ത് 167 8628 5901, ജോയി വർക്കി :551 265 0433, പി.ഒ. ജോർജ് :845 216 4536, ജെറി വർക്കി 862 596 7332, മാത്യൂസ് 713 320 5955.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ