സിറ: മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിന് ഇന്ന് തുടക്കമാവും. സിറയിലെ മോണിറ്റ സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളി, ശനി, ഞായർ (ജൂൺ 28, 29, 30) ദിവസങ്ങളിലായി ആണ് തിരുനാൾ നടക്കുക.
മധ്യസ്ഥ പ്രാർഥന, ഇടവക ദിനം, വാർഷികാഘോഷം, പ്രസുദേന്തി സമർപ്പണം, വിശ്വാസ പ്രഘോഷണ റാലി എന്നിവ തിരുനാളിന്റെ ഭാഗമായി നടക്കും.
തിരുനാളിന്റെ ഒന്നാം ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ബിഷപ് മാർ തോമസ് തറയിലിന് ഇടവക സമൂഹം സ്വീകരണം നൽകും. 5.45ന് കൊടിയേറ്റ് നടക്കും.
ആറിന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർഥനയും റവ.ഫാ. ടിസൻ പട്ടരുമഠം സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. രാത്രി ഏഴ് മുതൽ ഒമ്പത് വരെ മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം നടക്കും.
രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുർബാനയും തുടർന്ന് മധ്യസ്ഥപ്രാർഥനയും നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ മാർ തോമസ് തറയിൽ ആത്മീയ പ്രഭാഷണം നടത്തും.
ഏഴ് മുതൽ ഒമ്പത് വരെ വാർഷിക സമ്മേളനം, ഇടവക സോണുകളുടെ വാർഷികാഘോഷം, കലാപരിപാടികൾ, സമ്മാനദാനം തുടങ്ങിയ പരിപാടികൾ നടക്കും.
സമാപന ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ റാസ കുർബാനയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. വൈകുന്നേരം 5.30ന് ആഘോഷമായ പ്രദിക്ഷണം നടക്കും.
6.30 മുതൽ 9.30 വരെ പൊതുസമ്മേളനവും തിരുനാൾ സന്ദേശവും തുടർന്ന് കലാസന്ധ്യയും അരങ്ങേറും. മാൾട്ട മേജർ ആർച്ച്ബിഷപ് ചാൾസ് ജൂഡ് സിക്ലൂന മുഖ്യാതിഥിയായി പങ്കെടുക്കും.
സീറോമലബാർ കമ്യൂണിറ്റി മാൾട്ട അവതരിപ്പിക്കുന്ന നാടകം "ദിദീമോസ്' തിരുനാളിന്റെ ഭാഗമായി അരങ്ങേറും. തിരുനാളിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു വാരുവേലിൽ, ട്രസ്റ്റിമാരായ ജുബിൻ ചിറക്കൽ, സോണി ജോസഫ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.