വരും തലമുറക്കു പകർന്നു നൽകാനുള്ള ദീപശിഖയാണ് വിജയമോഹനെന്ന് ഓംചേരി
Friday, December 18, 2020 8:24 PM IST
ന്യൂ ഡൽഹി: വരും തലമുറയ്ക്ക് പകർന്നു നൽകാനുള്ള ദീപ ശിഖയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മലയാള മനോരമ ഡൽഹി സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്ററും ഡൽഹി മലയാളി അസോസിയേഷൻ ഉപദേശക സമിതി അംഗവുമായ ഡി വിജയമോഹനെന്നു ഓംചേരി എൻ.എൻ. പിള്ള. ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി സൂം സംവിധാനത്തിലൂടെ ഒരുക്കിയ ഡി. വിജയമോഹൻ അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങളിൽ വഴിതെറ്റാതെ പ്രവർത്തിച്ച പത്രപ്രവർത്തകനായിരുന്നു ഡി വിജയ മോഹനെന്ന് മിസോറാം ഗവർണർ എസ്. ശ്രീധരൻ പിള്ള അനുസ്മരിച്ചു. നീതിപൂർവ്വവും നിഷ്‌പക്ഷവുമായ സമീപനത്തിലൂടെ മലയാളികൾക്കൊപ്പം നിന്ന വ്യക്തിത്വമായിരുന്നു ഡി വിജയ മോഹനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ആഴത്തിൽ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നത്തിൽ ശുഷ്‌കാന്തി കാട്ടുന്ന ഒരു പത്രപ്രവർത്തകരായിരുന്നുവെന്ന് മാതൃഭൂമിയുടെ അശോകൻ പറഞ്ഞു.

ജസ്റ്റിസ് കുര്യൻ ജോസഫ്, വേണു രാജാമണി, സുബു റഹ്മാൻ, ബാബു പണിക്കർ, എം.കെ.ജി പിള്ള, ടി.പി. മണിയപ്പൻ, സുധീർനാഥ്, ശശികുമാർ, ഡൊമിനിക് ജോസഫ്, വിജയ കുമാർ, അജി കുമാർ മേടയിൽ, അനിതാ കാലേഷ്, രാജു യോഹന്നാൻ, മുകേഷ് മേനോൻ, അജികുമാർ എസ്, വിൻസെന്‍റ് തുടങ്ങിയവർ ഡി വിജയ മോഹനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ , കെ.ജി. രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവരും അനുശോചിച്ചു.