കെനിയയിൽ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന തട്ടിപ്പു സംഘങ്ങൾ വിലസുന്നതായി പരാതി
Tuesday, September 22, 2020 5:28 PM IST
നയ്റോബി: ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വൻ തൊഴിൽ സാധ്യത എന്ന വ്യാജ വാഗ്ദാനം നൽകി കേരളത്തിന്‍റെ പലഭാഗത്തുനിന്നുമുള്ള ഉദ്യോഗാർഥികളെ കെനിയയിൽ എത്തിച്ച് കടന്നുകളയുന്ന തട്ടിപ്പു സംഘങ്ങളെക്കുറിച്ചാണ് കേരള അസോസിയേ‍ഷൻ ഓഫ് കെനിയ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടു വർഷത്തോളമായി ചില വ്യക്തികൾ 20 ൽ പരം യുവാക്കളെ ഇല്ലാത്ത ഹോട്ടലിന്‍റെ പേരിൽവിവിധ ജോലികൾക്കായി സന്ദർശക വീസയിൽ കൊണ്ടുവന്നശേഷം കടന്നുകളഞ്ഞതാണ് ഒടുവിലത്തെ സംഭവം.

വീസയുടെ കാലാവധി കഴിഞ്ഞതും പണം മുഴുവൻ കൊണ്ടുവന്ന വ്യക്തികൾ അപഹരിച്ചതിനാലും സ്ഥലവും ഭാഷയും അറിയാതെ അപചിതമായ സ്ഥലത്തു ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെ കുറിച്ചാണ് കേരള അസോസിയേഷൻ ഓഫ് കെനിയ ദീപിക.കോം വായനക്കാരുമായി പങ്കുവയ്ക്കാനുള്ളത്

ചതിവിൽ പെട്ട ഉദ്യോഗാർഥികളിൽ ചിലർ കെനിയൻ പോലീസിനും ഇന്ത്യൻ ഹൈക്കമ്മീഷനും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ തട്ടിപ്പുവിവരം അസോസിയേഷന്‍റെ ശ്രദ്ധയിൽ പെടുത്തുന്നത്.

നയ്റോബി അയ്യപ്പ സേവാ സമാജവും വേൾഡ് മലയാളി ഫെഡറേഷനും ഹിന്ദു കൗൺസിൽ ഓഫ് കെനിയയും സംയുക്തമായി കേരള അസോസിയേഷൻ ഓഫ് കെനിയയുടെ നേതൃത്വത്തിൽ നാട്ടിലേക്കു മടങ്ങാനാകാത്ത നാലുപേർക്ക് ഭക്ഷണവും താമസചെലവുകളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവുകളും മറ്റു ശരിയാക്കി വരികയാണ്.

സന്ദർശക വീസയിൽ ആർക്കും കെനിയയിൽ എത്തിപ്പെടാമെന്നുള്ളത് തട്ടിപ്പു നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും. 50 യുഎസ് ഡോളറാണ് സന്ദർശക വീസയുടെ ഫീസ്. ഇത് ഓൺലൈൻ ആയോ ഇവിടെ എത്തുപ്പോഴോ അപേക്ഷിക്കാവുന്നതാണ്.

കെനിയയിൽ ജോലി കിട്ടുന്നതിനായി ആർക്കും പണം നൽകേണ്ടതില്ല. ജോലിക്കുള്ള വീസ എടുത്തുനൽകുന്നതിന്‍റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനുള്ളതാണ്. ജോലി വാഗ്ദാനം ലഭിക്കുന്നവർ (ഓഫർ ലെറ്റർ) സ്ഥാപനത്തിന്‍റെ എല്ലാ വിശദാംശങ്ങളും നോർക്ക, ഇന്ത്യൻ ഹൈക്കമ്മീഷൻ, കേരള അസോസിയേഷൻ ഓഫ് കെനിയ തുടങ്ങിയ അംഗീകൃത ഏജൻസികളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച് വ്യക്തത ഉറപ്പു വരുത്തണമെന്ന് കേരള അസോസിയേഷൻ ഓഫ് കെനിയ പ്രസ്താവനയിൽ പറഞ്ഞു.