ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചി; മലയാളികളടക്കം പത്ത് പേരെ തടവിലാക്കി
ഉദുമ: മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്.
കാസർഗോഡ് കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) ആണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയവരിലെ ഒരു മലയാളി. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരം പുറത്തുന്നിട്ടില്ല.
പനാമ രജിസ്ട്രേഷനുള്ള വിറ്റൂ റിവർ കമ്പനിയുടെ കപ്പലിലെ ജീവനക്കാരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെരി ടെക് ടാങ്കർ മാനേജ്മെന്റിന്റേതാണ് കപ്പൽ ചരക്ക്.
കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ പത്തുപേരെ തട്ടിക്കൊണ്ടുപോയതിനുശേഷം കപ്പൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. മാർച്ച് 18ന് വിറ്റൂ റിവർ കമ്പനി രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് കമ്പനി അറിയിച്ചതെന്ന് ബന്ധു പറഞ്ഞു. കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കമ്പനി വീട്ടുകാർക്ക് വിവരം നൽകിയിട്ടില്ല.
മഹാത്മാഗാന്ധിയുടെ അപൂർവസ്തുക്കൾ ഇന്ത്യക്കു കൈമാറി ദക്ഷിണാഫ്രിക്ക
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
സുഡാനിൽ ഒരു വയസുള്ള ശിശുക്കൾവരെ ലൈംഗികപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്
ഖാർത്തൂം: തെക്കൻ സുഡാനിലെ രണ്ടു വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിനു ശിശുക്കൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് യുണിസെഫ്.
ഒരു വയസുള്ള ശിശുക്കളടക്കം ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. അക്രമണങ്ങൾക്കു ശേഷം മാനസികനില തകരാറിലായ പലരും ആത്മഹത്യക്കുവരെ ശ്രമിച്ചിട്ടുണ്ടെന്നും യുണിസെഫ് അറിയിച്ചു.
ഇരയായവരിൽ നല്ലൊരു ശതമാനത്തോളം ആൺകുട്ടികളുണ്ടങ്കിലും ഇത്തരം കാര്യങ്ങൾ മുതിർന്നവരെ അറിയിക്കുന്നതിലും സഹായം തേടുന്നതിലും ഇവർ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആണ് ലൈംഗികാതിക്രമങ്ങൾക്കു പിന്നിലെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമാകുന്നുണ്ടെന്നാണു റിപ്പോർട്ട്.
എന്നാൽ, ആർഎസ്എഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം യുഎസ് സഹായത്തിൽ വന്ന കുറവ് സുഡാനിലേക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനു തടസം സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്.
കോംഗോയിൽ അജ്ഞാതരോഗം: 50 മരണം
കിൻഷാസ: വടക്കുപടിഞ്ഞാറൻ കോംഗോയിൽ അജ്ഞാത രോഗം 50 പേരുടെ ജീവൻ കവർന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രദേശത്തെ ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഭൂരിപക്ഷം കേസുകളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ മരണം വരെ 48 മണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ജനുവരി 21ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ 53 പേരുടെ മരണത്തിനിടയാക്കി. ആകെ 419 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലിനെ ഭക്ഷിച്ച മൂന്നു കുട്ടികൾ മരിച്ചതോടെയാണ് ബൊളോകോ പട്ടണത്തിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതെന്നു ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഓഫീസ് അറിയിച്ചു.
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു രോഗങ്ങൾ പടരുന്ന സംഭവങ്ങൾ ആഫ്രിക്കയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അറുപത് ശതമാനത്തിലേറെ വർധിച്ചെന്ന് ലോകാരോഗ്യസംഘടന 2022ൽ അറിയിച്ചിരുന്നു.
സുഡാനിൽ സൈനിക വിമാനം തകർന്ന് 10 മരണം
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പടെ നിരവധിപേർ മരിച്ചു. തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്.
10 കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണുവെന്നും സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പുറത്തുവിട്ട പ്രസ്താവനയിൽ സൈന്യം അറിയിച്ചു.
ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുർമാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമന സേനയെത്തിയതാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
കോംഗോയിൽ ഭീകരർ 70 ക്രൈസ്തവരെ പള്ളിയിൽ കഴുത്തറത്തു കൊന്നു
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 70 ക്രൈസ്തവരെ തലയറത്തു കൊന്ന നിലയിൽ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകരസംഘടനയാണ് നിഷ്ഠുരകൃത്യം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കസാംഗ എന്ന സ്ഥലത്തെ പള്ളിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മേയ്ബ എന്ന ഗ്രാമത്തിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയവരെ പള്ളിയിൽവച്ച് കൊലപ്പെടുത്തിയെന്നാണു കരുതുന്നത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം പ്രദേശവാസികൾ ഈ ഗ്രാമത്തിൽനിന്നു പലായനം ചെയ്തിരുന്നുവെന്നു പറയുന്നു.
പടിഞ്ഞാറൻ യുഗാണ്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഡിഎഫ് പിന്നീട് അയൽ രാജ്യമായ കോംഗോയിലേക്കു ഭീകരപ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയും യുഗാണ്ടയും എഡിഎഫിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്.
സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ
ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റ െ(ആർഎസ്എഫ്) ആക്രമണത്തിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. വൈറ്റ് നൈൽ സംസ്ഥാനത്തെ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.
ഗവൺമെന്റ് സേനയ്ക്കെതിരേ പരാജയം നേരിട്ട ആർഎസ്എഫ് നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മൂന്നു ദിവസത്തിനിടെ അൽ-കദാരിസ്, അൽ ഖാൽവത്, വാദ് ബിലാൽ എന്നീ ഗ്രാമങ്ങളിലാണ് ആർഎസ്എഫ് ആക്രമണം നടത്തിയത്.
നിരവധി നാട്ടുകാരെ കാണാതായിട്ടുണ്ട്. സുഡാനിൽ 2023 ഏപ്രിൽ മുതൽ സർക്കാർ സൈന്യവും ആർഎസ്എഫും തമ്മിൽ പോരാട്ടത്തിലാണ്. 30,000 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
നമീബിയയുടെ രാഷ്ട്രപിതാവ് സാം നുജോമ അന്തരിച്ചു
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയുമായ സാം നുജോമ(95) അന്തരിച്ചു. ശനിയാഴ്ച രാത്രി തലസ്ഥാനമായ വിൻഡ്ഹോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നമീബിയൻ പ്രസിഡന്റ് നങ്കോളോ എംബുംബയാണു മരണം സ്ഥിരീകരിച്ചത്. നുജോമയുടെ മരണത്തിൽ നമീബിയ ഉലഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജർമനിയുടെ കൊളോണിയൽ ഭരണത്തിൽനിന്നും ദക്ഷിണാഫ്രിക്കയുടെ വർണവിവേചനത്തിന്റെ നുകത്തിൽനിന്നും നമീബിയയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച നേതാവായിരുന്നു നുജോമ.
1990ൽ നമീബിയ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യ പ്രസിഡന്റായ നുജോമ നീണ്ട 15 വർഷം ആ സ്ഥാനത്ത് തുടർന്നു. കൊളോണിയൽ ഭരണത്തിൽനിന്നു തങ്ങളുടെ രാഷ്ട്രങ്ങളെ സ്വതന്ത്രമാക്കിയ ആഫ്രിക്കൻ നേതാക്കളായ ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല, സിംബാബ്വെയുടെ റോബർട്ട് മുഗാബെ, സാംബിയയുടെ കെന്നത്ത് കൗണ്ട, ടാൻസാനിയയുടെ ജൂലിയസ് നൈരേരെ, മൊസാംബിക്കിന്റെ സമോറ മച്ചൽ എന്നിവരുടെ നിരയിൽ ജീവിച്ചിരുന്ന അവസാനത്തെ ചരിത്രവ്യക്തിത്വമായിരുന്നു നുജോമ.
സ്വതന്ത്ര ഭരണഘടന സ്ഥാപിച്ച അദ്ദേഹം വെള്ളക്കാരായ ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും സർക്കാരിൽ ഉൾപ്പെടുത്തി. ഈ നടപടിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾപോലും പ്രശംസിച്ചു. മാർക്സിസ്റ്റ് എന്ന മുദ്രകുത്തപ്പെട്ട അദ്ദേഹം തികഞ്ഞ പാശ്ചാത്യവിരുദ്ധനായിരുന്നു. 2000ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ, എയ്ഡ്സ് മനുഷ്യനിർമിത ജൈവായുധമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
നമീബിയയിലെ യുവാക്കളെ ദുഷിപ്പിക്കുന്നുവെന്നാരോപിച്ച് വിദേശ ടെലിവിഷൻ പരിപാടികൾ നിരോധിച്ചിരുന്നു. നമീബിയയുടെ വിമോചന പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന വടക്കൻ കൊറിയ, ക്യൂബ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ദരിദ്രകുടുംബത്തിൽ ജനിച്ച നുജോമ 11 മക്കളിൽ മൂത്തവനായിരുന്നു.
1959ൽ ആദ്യമായി പ്രതിഷേധസമരത്തിൽ പങ്കെടുത്ത അദ്ദേഹത്തെ ടാൻസാനിയയിലേക്കു നാടുകടത്തി. 1960ൽ സൗത്ത് വെസ്റ്റ് ആഫ്രിക്കൻ പീപ്പിൾസ് ഓർഗനൈസേഷൻ സ്ഥാപിച്ച നുജോമ അതിന്റെ ആദ്യ പ്രസിഡന്റായി. 2007ൽ സ്ഥാനം ഒഴിയുന്നതുവരെ സ്വാപോയുടെ പ്രസിഡന്റായിരുന്നു.
സുഡാനിൽ ചാർട്ടേഡ് വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു
ജുബ: തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണു മരിച്ചത്.
ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റൺവേയിൽനിന്നു ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു.
21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. 16 സുഡാൻ സ്വദേശികളും രണ്ടു ചൈനക്കാരും കൊല്ലപ്പെട്ടവരിൽപെടുന്നു.
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം
കാര്ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്. എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന സൗദി ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.
സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ ആയിരത്തോളം പേർ സുഡാനിൽ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു. മാസങ്ങളോളമാണ് ഇവർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഖനിയിൽ കുടുങ്ങിയത്.
പട്ടിണിയും നിർജലീകരണവും മൂലമാണ് ഇവർ മരിച്ചത്. വെള്ളിയാഴ്ചയ്ക്കുശേഷം 24 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. കഴിഞ്ഞ നവംബറിലാണ് ഖനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 36 പേരെ രക്ഷപ്പെടുത്തി.
ഖനിയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം പേർ ഉണ്ടെന്നാണ് വിലയിരുത്തൽ. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ലാഭകരമല്ലാത്ത ഖനികൾ ഉടമകൾ ഉപേക്ഷിക്കുന്നതോടെ അനധികൃത ഖനനം വ്യാപകമാണ്. മാസങ്ങളോളമാണ് ഇവർ ഖനികളിൽ തങ്ങുക.
ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയുമായാണ് ഇവർ ഖനികളിൽ പ്രവേശിക്കുക. രണ്ടു മാസം മുന്പ് ഖനിയിൽ പോലീസും അനധികൃത ഖനനം നടത്തുന്നവരുമായി തർക്കമുണ്ടായിരുന്നു. ഖനിയിൽ ഇറങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നു.
പുറത്തെത്തിയാൽ അറസ്റ്റുണ്ടാകുമെന്നു ഭയന്ന് ഖനനം നടത്തുന്നവർ പുറത്തെത്തിയില്ല. ഖനിയിൽനിന്നു പുറത്തിറങ്ങാനുള്ള വടങ്ങൾ പോലീസ് നീക്കം ചെയ്തതോടെ ഖനനം നടത്തുന്നവർ കുടുങ്ങിയെന്നാണ് ആരോപണം. ഭക്ഷണം തടഞ്ഞതായും ആരോപണമുണ്ട്.
ടുണീഷ്യയിൽ ബോട്ട് മുങ്ങി 27 കുടിയേറ്റക്കാർ മരിച്ചു
ടുണിസ്: ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോൾ സ്ഫാക്സ് നഗരത്തിന് സമീപം ബോട്ടുകൾ മുങ്ങുകയായിരുന്നു. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് അനധികൃതമായി കുടിയേറ്റം നടത്തുന്നത്.
നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്ക് എതിരേയുള്ള മതനിന്ദാക്കുറ്റം റദ്ദാക്കി
അബുജ: നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്കെതിരേ ചുമത്തിയ മതനിന്ദാക്കുറ്റം കോടതി അസാധുവാക്കി. വടക്കുകിഴക്കൻ ബൗചി സംസ്ഥാനത്തെ റോഡ ജാതോ(47) എന്ന സ്ത്രീയാണു രണ്ടര വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ കുറ്റവിമുക്തയാക്കപ്പെട്ടത്.
ശരിയത്ത് നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് റോധയെ അറസ്റ്റ് ചെയ്തത്. എഡിഎഫ് ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയാണ് ഇവർക്കു നിയമസഹായം നൽകിയത്.
റോഡയെ കുറ്റവിമുക്തയാക്കിയതിനും ഏറെക്കാലമായി അവൾ അനുഭവിച്ച ദുരിതങ്ങൾ അവസാനിച്ചതിനും ദൈവത്തിനു നന്ദി പറയുന്നതായി എഡിഎഫ് ഇന്റർനാഷണലിന്റെ നിയമോപദേശകൻ സീൻ നെൽസൺ പറഞ്ഞു.
മതനിന്ദക്കുറ്റം ചുമത്തപ്പെട്ട് നൈജീരിയയിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിയമപോരാട്ടം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
ജമൈക്കയിൽ ഇന്ത്യക്കാരനെ വെടിവച്ച് കൊലപ്പെടുത്തി
കിംഗ്സ്റ്റൺ: ജമൈക്കയിൽ ഇന്ത്യക്കാരനെ കവര്ച്ചാ സംഘം വെടിവച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷ് ആണ് മരിച്ചത്. കവര്ച്ചാ സംഘത്തിന്റെ വെടിയേറ്റ് മറ്റ് രണ്ട് ഇന്ത്യക്കാർക്കും പരിക്കുണ്ട്.
വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്മാര്ക്കറ്റിൽ വച്ചാണ് സംഭവം. തോക്കുധാരികളായ കവര്ച്ചാ സംഘം സൂപ്പര്മാര്ക്കറ്റിലേക്ക് എത്തിയപ്പോള് ഇവിടെയുണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു. വിഘ്നേഷ് ഉൾപ്പെടെയുള്ളവർക്ക് ഓടിമാറാനായില്ല.
കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്പ്പെടെയുള്ളവ നൽകിയിട്ടും കവര്ച്ചാ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
മൊറീഷ്യസിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ സംസ്കാരം നടത്തി
കണ്ണൂർ: മൊറീഷ്യസിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കണ്ണൂർ കല്യാശേരി സ്വദേശിയായ യുവാവിന്റെ സംസ്കാരം നടത്തി. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്ക് സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണ്(35) മരിച്ചത്.
കമ്പനിയുടെ നേതൃത്വത്തിൽ മൊറീഷ്യസിലേക്കു നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെ കഴിഞ്ഞദിവസമായിരുന്നു അപകടം. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് രാവിലെ 11നു പാളിയത്തുവളപ്പ് സമുദായ സെമത്തേരിയിൽ സംസ്കരിച്ചു.
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; നൂറിലേറെ പേർ കൊല്ലപ്പെട്ടു
കോനാക്രി: ഫുട്ബോള് മത്സരത്തിനിടെ ആരാധകര് തമ്മിലുണ്ടായ ഏറ്റുമുട്ടലില് നൂറിലേറെപ്പേര് മരിച്ചതായി റിപ്പോര്ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന് രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്സെറെകോരയിലാണ് സംഭവം.
മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോര്ച്ചറികളെല്ലാം ശവശരീരങ്ങള് കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരന്നു അനിഷ്ട സംഭവങ്ങള്. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്ക്ക് വഴിവച്ചത്.
ഇതിനെ തുടര്ന്നാണ് ടീമുകളുടെ ആരാധകര് മൈതാനം കൈയേറി ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികള് എന്സെറെകോരയിലെ പോലീസ് സ്റ്റേഷന് തീയിട്ടു.
നൈജീരിയയിൽ 50 തീവ്രവാദികളെ വധിച്ചു
ലാഗോസ്: നൈജീരിയയിൽ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ 50 ബോക്കോഹറാം തീവ്രവാദികൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച പട്രോളിംഗ് നടത്തുകയായിരുന്ന ഭടന്മാരെ ഇരുനൂറോളം തീവ്രവാദികൾ വളഞ്ഞതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ ഏഴു ഭടന്മാരെ കാണാതായി. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
സുഡാനിൽ അർധസൈനികവിഭാഗത്തിന്റെ ആക്രമണം; 120 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സുഡാനിൽ അർധസൈനിക വിഭാഗം കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയിൽ 120 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തൂമിന് തെക്കുഭാഗത്തുള്ള ഗെസിറ സംസ്ഥാനത്തെ അൽ-സിരേഹ ഗ്രാമത്തിലാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിൽ നരനായാട്ട് നടത്തിയത്.
സുഡാൻ സേനയായ സുഡാൻ ആംഡ് ഫോഴ്സുമായി (എസ്എഎഫ്) ഒരുവർഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആർഎസ്എഫ്. ആക്രമണത്തിൽ 200 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നു. സമീപകാലത്ത് രാജ്യത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
കഴിഞ്ഞ എപ്രിൽ മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്റെ മറവിൽ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അൽ ഗെസിറയിലെ കമാൻഡർ കൂറുമാറിയതിനെത്തുടർന്നാണ് ആർഎസ്എഫ് മേഖലയിൽ ആക്രമണം നടത്തിയത്. പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ഗെസിറയിലെ 30ലധികം ഗ്രാമങ്ങളിൽനിന്ന് പ്രദേശവാസികൾ പലായനം ചെയ്തതായാണു റിപ്പോർട്ടുകൾ. വ്യാപകമായി പൊതു-സ്വകാര്യ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
സുഡാന് സായുധസേന മേധാവി അബ്ദുൾ ഫത്താ അല്ബുര്ഹാനും അര്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന് ദഗാലോയും തമ്മിലുള്ള അധികാരത്തർക്കമാണ് 2023 എപ്രിൽ 15ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്.
അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളിൽനിന്ന് ഇനിയും ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകൾക്ക് 21 വർഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.
സഹാറയിൽ അത്യപൂർവ വെള്ളപ്പൊക്കം
റബാത്ത്: സഹാറ മരുഭൂമിയിൽ അത്യപൂർവ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. വടക്കനാഫ്രിക്കയിൽ മൊറോക്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള താഗുനൈറ്റ് ഗ്രാമത്തിലാണ് സെപ്റ്റംബറിൽ കനത്ത മഴ അനുഭവപ്പെട്ടത്.
രണ്ടു ദിവസത്തിനിടെ 25 സെന്റിമീറ്റർ മഴ ഇവിടെ പെയ്തു. ഇതിനടുത്ത് അര നൂറ്റാണ്ടായി വരണ്ടുകിടന്ന ഇർഖിൽ തടാകമേഖലയിൽ വെള്ളം നിറഞ്ഞു.
ആഫ്രിക്കയുടെ വടക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിലായി 90 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമാണ്.
മാര്ബര്ഗ് വൈറസ്: റുവാണ്ടയിൽ ആറ് ആരോഗ്യപ്രവർത്തകർ മരിച്ചു
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്ബര്ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന് രാജ്യമായ റുവാണ്ടയില് ആറ് ആരോഗ്യപ്രവര്ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ.
പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും.
റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്ബര്ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കടുത്ത പനി, ശരീര വേദന, ഛര്ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്ദി, അടിവയര് വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ മാർഗം.
സിംബാബ്വെയിൽ കൊടുംവരൾച്ച: ഭക്ഷണത്തിനായി 200 ആനകളെ കൊല്ലും
ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു.
നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം.
പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.
സുഡാനിൽ ഷെല്ലാക്രമണം: 21 മരണം
പോര്ട്ട് സുഡാന്: ആഫ്രിക്കന് രാജ്യമായ സുഡാനിലെ തെക്ക്കിഴക്കന് മേഖലയിലെ ചന്തയിലുണ്ടായ ഷെല്ലാക്രമണത്തില് 21 പേര് മരിച്ചു. 67 പേര്ക്ക് പരിക്കേറ്റു.
സെന്നാറിലെ ചന്തയിലാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോര്ട്ട് ഫോഴ്സസ് (ആര്എസ്എഫ്) ആണ് ഷെല്ലാക്രമണം നടത്തിയതെന്നാണ് സൂചന.
രാജ്യത്തെ സര്ക്കാരുമായി ആര്എസ്എഫിന് അഭിപ്രായവ്യത്യാസമുണ്ട്. മുമ്പ് പലതവണ സാധാരണക്കരെ ലക്ഷ്യമിട്ട് ആര്എസ്എഫ് ആക്രമണം നടത്തിയിരുന്നു.
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു
നെയ്റോബി: കെനിയയിൽ ബോർഡിംഗ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. സെൻട്രൽ കെനിയയിലെ നയേരി കൗണ്ടിയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ പഠിക്കുന്ന സ്കൂളിലെ ഡോർമിറ്ററിയിൽ 150ലേറെ പേർ താമസിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 14 വിദ്യാർഥികൾ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു കെനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. കുറ്റക്കാർ കർശന നടപടി നേരിടേണ്ടിവരുമെന്നു കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ കെട്ടിടത്തിൽ അതിവേഗം തീ പടർന്നു.
പ്രദേശവാസികളുടെ സഹായത്തോടെയാണു ഫയർഫോഴ്സ് തീയണച്ചത്. കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നു പോലീസ് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 200 പേർ കൊല്ലപ്പെട്ടു
അബുജ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ നാട്ടുകാരും സൈനികരും കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. രാജ്യത്തിന്റെ മധ്യഭാഗത്തെ നഗരമായ കായായ്ക്കു സമീപം ബർസലോഗോ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം.
ജിഹാദി ആക്രമണത്തിൽനിന്നു രക്ഷതേടി വലിയ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ഭീകരരെത്തിയത്. ഡസൻകണക്കിനു മൃതദേഹങ്ങൾ കിടങ്ങിൽ കിടക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും വളരെയേറെ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ പ്രദേശത്തെത്തിയ ആയുധധാരികളായ ഭീകരർ നാട്ടുകാർക്കു നേരേ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്ത് നുസ്രത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ (ജെഎൻഐഎം) ഏറ്റെടുത്തു.
2021നുശേഷം ബുർക്കിനോ ഫാസോയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ഞായറാഴ്ചയുണ്ടായത്. 160 പേരാണ് 2021ൽ സോൽഹനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുർക്കിനോ ഫാസോയിൽ ജിഹാദി ആക്രമണം നിത്യസംഭവമാണ്.
അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആയിരക്കണക്കിനു പേരെയാണു കൊന്നൊടുക്കിയത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം രാജ്യത്ത് 4500 പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണം മൂലം ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ബുർക്കിനോ ഫാസോയിലാണെന്നാണ് നോർവീജിയൻ അഭയാർഥി കൗൺസിൽ പറയുന്നത്.
സുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു
കയ്റോ: കിഴക്കൻ സുഡാനിൽ കനത്ത മഴയെത്തുടർന്ന് അർബാത് ഡാം തകർന്നു. 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെഡ് സീ സ്റ്റേറ്റിലായിരുന്നു അപകടം. നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
എന്നാൽ, കാണാതായവരുടെ കണക്ക് വ്യക്തമായിട്ടില്ല. 60 പേർ മരിച്ചുവെന്നാണു സുഡാനീസ് വാർത്താ സൈറ്റ് അൽ-തഗീർ അറിയിച്ചത്. നൂറിലധികം പേരെ കാണാതായെന്ന് മെഡാമീക് ന്യൂസ് ഏജൻസി അറിയിച്ചു.
പോർട്ട് സുഡാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് തകർന്ന ഡാം സ്ഥിതി ചെയ്യുന്നത്.
എത്യോപ്യയില് മണ്ണിടിച്ചില് 10 പേര് കൊല്ലപ്പെട്ടു; 2,400 പേര് ക്യാമ്പുകളില്
അംഹാര: വടക്കന് എത്യോപ്യയില് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില് മരിച്ചവരുടെ എണ്ണം 10 ആയി. എട്ടുപേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉരുള്പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ആളുകള് മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
അംഹാര മേഖലയിലെ നോര്ത്ത് ഗോണ്ടര് സോണിലുണ്ടായ ഉരുള്പ്പൊട്ടലിൽ നിരവധി വീടുകള് തകര്ന്നതായാണ് റിപ്പോര്ട്ട്. 2,400 പേര് ക്യാമ്പുകളിലേക്ക് മാറി. രാജ്യത്തുണ്ടായ അസാധാരണമായ മഴയെ തുടര്ന്നാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചില് ഉണ്ടായത്.
ജൂലൈയിൽ എത്യോപ്യയുടെ തെക്കന് മേഖലയിലുണ്ടായ മണ്ണിടിച്ചിലില് 229 പേരാണ് കൊല്ലപ്പെട്ടത്. തെക്കന് എത്യോപ്യയിലെ പര്വത പ്രദേശമായ ഗാഫയിലെ കെന്ഷോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
തെരച്ചില് നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ രക്ഷാപ്രവര്ത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയില് പെട്ടുപോയതോടെയാണ് മരണ സംഖ്യ കൂടിയത്. കഴിഞ്ഞ ഏപ്രില്, മേയ് മാസങ്ങളിൽ തെക്കന് എത്യോപ്യയില് പേമാരിയെത്തുടർന്ന് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
സുഡാനില് കോളറ പടരുന്നു: ജാഗ്രതാ നിർദേശം
ഖാര്ത്തും: ആഫ്രിക്കന് രാജ്യമായ സുഡാനില് കോളറ പടരുന്നു. ഒരാഴ്ചയ്ക്കിടെ 22 പേര് മരിക്കുകയും 354 പേര്ക്ക് രോഗം ബാധിക്കുകയും ചെയ്തു.
മലിനമായ കുടിവെള്ളവും കാലാവസ്ഥയുമാണ് കോളറ വ്യാപനത്തിന് കാരണം. ജനങ്ങള് ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള് പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2017ല് സുഡാനില് കോളറ വ്യാപനത്തിനെ തുടര്ന്ന് 700ലധികം പേരാണ് മരിച്ചത്. 22,000ത്തിലധികം പേര്ക്ക് അന്ന് രോഗം ബാധിച്ചിരുന്നു.
എം പോക്സ് ഭീതിയിൽ ആഫ്രിക്ക; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 15,000ത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 461 മരണവും റിപ്പോർട്ട് ചെയ്തതായാണു കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണു കണക്ക്.
കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എം പോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ എറ്റവും ഉയർന്ന ജാഗ്രതാ നിർദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച്1 എൻ1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവ വ്യാപിച്ചപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതൽ ഇതുവരെ ഏഴു തവണയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോക്സിന്റെ കാര്യത്തിൽ ഇതു രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്ല്യുഎച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പാക്കിസ്ഥാനിൽ മൂന്നു പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. അടുത്തനാളിൽ യുഎഇയിൽനിന്ന് എത്തിയവർക്കാണു രോഗം പിടിപെട്ടത്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്വീഡനിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്പിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശങ്ങളിൽനിന്ന് എത്തുന്നവരെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും കർശന പരിശോധനയ്ക്കു വിധേയമാക്കാൻ ചൈന തീരുമാനിച്ചു.
എം പോക്സ് എന്നാൽ...
മങ്കി പോക്സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്സ്. 1980ൽ ലോകമെന്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്കു സാദൃശ്യമുണ്ട്. വസൂരിക്കു സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പനി, തീവ്രമായ തലവേദന, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.
ഇതിനു പുറമെ കൈപ്പത്തി, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടും.
കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്.
നൈജീരിയയിൽ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു.
ഫുലാനി ഗോത്രക്കാർ ഗ്രാമീണരിൽനിന്നു വാങ്ങി എന്നവകാശപ്പെടുന്ന സ്ഥലങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ആട്ടിടയന്മാരായ നാടോടി ഫുലാനി ഗോത്രക്കാർ മരുഭൂമിവത്കരണം മൂലം ഉൾനാടുകളിലേക്കു പോകുന്നതും കൃഷിക്കാരായ ഗ്രാമവാസികളുമായി സംഘർഷത്തിലേർപ്പെടുന്നതും പതിവാണ്.
നൈജീരിയയുടെ പല ഭാഗങ്ങളിലും സഹാറ മരുഭൂമിയോടു ചേർന്നു കിടക്കുന്ന മറ്റു രാജ്യങ്ങളിലും വസിക്കുന്ന ഫുലാനി ഗോത്രക്കാർ നിരവധി വംശങ്ങളിൽപ്പെടുന്നവരാണ്. ഫുലാനികളിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്.
അവരിലുള്ള ആയുധധാരികളായ തീവ്രവാദികളാണ് നൈജീരിയയിലെയും അയൽ രാജ്യങ്ങളിലെയും ക്രൈസ്തവരെ ആക്രമിക്കുന്നത്. 2023ൽ മാത്രം 4118 ക്രൈസ്തവരെയാണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത്. ക്രൈസ്തവർക്ക് ലോകത്തിൽ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ.
മൗറിറ്റാനിയയില് ബോട്ട് മറിഞ്ഞു; 15 മരണം
നൗക്ചോറ്റ്: ആഫ്രിക്കന് രാജ്യമായ മൗറിറ്റാനിയയില് ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 150 ലേറെ പേരെ കാണാതായി. രാജ്യതലസ്ഥാനമായ നൗക്ചോറ്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്.
300 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്. 120 പേരെ മൗറിറ്റാനിയന് കോസ്റ്റ് ഗാര്ഡ് രക്ഷിച്ചു.
കാണാതായവര്ക്കുള്ള തെരച്ചില് പുരോഗമിക്കുന്നു.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ
ഖാര്ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബോക്കോ ഹറാം ഭീകരരുടെ ശക്തികേന്ദ്രമായ മേഖലയിലെ ഗ്വോസാ പട്ടണത്തിൽ ശനിയാഴ്ച വിവാഹ, മരണ ചടങ്ങുകളിലും ആശുപത്രിയിലും ചാവേർ സ്ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു.
വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്. മരണസംഖ്യ 30 ആയെന്നാണു സോഷ്യൽ മീഡിയയിലെ റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും ഗർഭിണിയും ഉൾപ്പെടുന്നു. വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ചു വർഷത്തോളം ബോക്കോ ഹറാം ഇസ്ലാമിക ഭീകരരുടെ ആക്രമണം നേരിട്ട മേഖലയാണ് ബോർണോ. സ്ഫോടനങ്ങൾ നടന്ന ഗ്വോസാ പട്ടണം 2014ൽ തീവ്രവാദികൾ നിയന്ത്രണത്തിലാക്കിയെങ്കിലും അടുത്തവർഷം നൈജീരിയൻ സേന തിരിച്ചുപിടിച്ചു.
ഭീകരർ പട്ടണത്തോടു ചേർന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലായി നൈജീരിയയിൽ ഭീകരാക്രമണങ്ങളിലായി 40,000 പേർ കൊല്ലപ്പെടുകയും 20 ലക്ഷം പേർ നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.
ചാഡ്, നൈജർ, കാമറൂൺ തുടങ്ങിയ അയൽരാജ്യങ്ങളിലും ബോക്കോ ഹറാമിന്റെയും ഇതര ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണം വ്യാപിക്കുന്നുണ്ട്.
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട്ടു. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടി അംഗം റെനാൾഡോ ഗൗസ് ആണു നടപടി നേരിട്ടത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻഎസി) പാർട്ടി ഡിഎയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ച് ദിവസങ്ങൾക്കകമാണു സംഭവം.
ഇയാൾ കറുത്ത വംശജരെ അധിക്ഷേപിക്കുകയും കൊല്ലണമെന്നാവശ്യപ്പെടുകയും ചെയ്ത വീഡിയോകൾ പുറത്തുവരികയായിരുന്നു. വീഡിയോകൾ വ്യാജമല്ലെന്നു ഡിഎ നേതൃത്വം കണ്ടെത്തി.
വെള്ളക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണു ഡിഎ പാർട്ടി പ്രവർത്തിക്കുന്നതെന്ന ആരോപണം നേരിടുന്നുണ്ട്.
പോലീസുകാരന്റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രിൻസിപ്പൽ മജിസ്ട്രേട്ട് മോണിക്ക കിവൂട്ടിക്കു നേർക്ക് പോലീസ് ഉദ്യോഗസ്ഥനായ സാംസൺ കിപ്രൂട്ടോ വെടിയുതിർക്കുകയായിരുന്നു.
മജിസ്ട്രേറ്റ് ഇയാളുടെ ഭാര്യക്കു ജാമ്യം അനുവദിക്കാതിരുന്നതാണ് പ്രകോപനമായത്. കോടതിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ സംസനെ വെടിവച്ചുകൊന്നു. സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ മജിസ്ട്രേറ്റ് മോണിക്ക പിറ്റേന്നാണ് മരണത്തിനു കീഴടങ്ങിയത്. സാംസന്റെ ഭാര്യക്കെതിരേയുള്ള പണാപഹരണക്കേസാണ് കോടതി പരിഗണിച്ചത്.
മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ കൊല്ലപ്പെട്ടു
ലൈലോംഗ്വൊ: തെക്കുകിഴക്കന് ആഫ്രിക്കന് രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിമാനത്തില് ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വിമാനം കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു.
തലസ്ഥാനമായ ലൈലോംഗ്വൊയില് നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു.
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി
ലൈലോംഗ്വൊ: തെക്കുകിഴക്കന് ആഫ്രിക്കന് രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിമാനത്തില് ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. വിമാനം കണ്ടെത്താനുള്ള തിരച്ചില് നടന്നുവരികയാണ്. തലസ്ഥാനമായ ലൈലോംഗ്വൊയില് നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു.
വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില് ഇറങ്ങേണ്ടതായിരുന്നു. വിവരമറിഞ്ഞ് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര, ബഹാമസിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി. വിമാനം എവിടെയാണെന്ന് കണ്ടെത്താൻ പ്രാദേശിക, ദേശീയ സേനകൾക്ക് പ്രസിഡന്റ് ലസാറസ് ചക്വേര നിർദേശം നൽകി.
വിമാനം റഡാറിൽ നിന്ന് പോയതുമുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധം: സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻ: യുദ്ധക്കെടുതി മൂലം വലയുന്ന സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. “ഒരു വർഷമായി യുദ്ധത്താൽ വലയുന്ന സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.
ഇനിയുമൊരു പരിഹാരവുമാകാതെ യുദ്ധം തുടരുകയാണ്. ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ’’ - ഇന്നലെ ത്രികാല ജപത്തിനു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ലോകനേതാക്കൾ ഇടപെട്ട് യുദ്ധത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും യുദ്ധം മൂലം ലക്ഷണക്കണക്കിന് ആളുകളാണ് അഭയാർഥികളായതെന്നും ഇവർക്ക് അഭയം നൽകാൻ അയൽരാജ്യങ്ങൾ തയാറാകണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
യുക്രെയ്ൻ, പലസ്തീൻ, മ്യാൻമർ, ഇസ്രയേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായും മാർപാപ്പ പ്രാർഥിച്ചു. പ്രകോപനങ്ങൾ ഒഴിവാക്കി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾക്കു കഴിയട്ടേയെന്ന് മാർപാപ്പ പറഞ്ഞു.
സൗത്ത് സുഡാനിൽ വൈദികൻ കൊല്ലപ്പെട്ടു
റോം: സൗത്ത് സുഡാനിലെ തോംബുറ യാംബിയോ രൂപതയിൽനിന്ന് കഴിഞ്ഞമാസം 27ന് കാണാതായ ഫാ. ലൂക്ക് യുഗ്വെ ബോകൂസയും അദ്ദേഹത്തിന്റെ ഡ്രൈവർ മൈക്കിൾ ബെക്കോയും കൊല്ലപ്പെട്ടതായി രൂപത ബിഷപ് ഡോ. എഡ്വേർഡ് കുസ്സാല അറിയിച്ചു.
നഗേറോയിൽനിന്നു തോംബുറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇവരെ കാണാതായത്. ഇവരുടെ സംസ്കാരം ഇന്നു നടക്കും. വൈദികന്റെ കൊലപാതകത്തിനു പിന്നിൽ വംശീയ, രാഷ്ട്രീയ കാരണങ്ങളാണെന്ന് ആരോപിച്ച് പ്രതികാരം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു.
പ്രതികാരം ക്രിസ്തീയമല്ലെന്നും സമാധാനം പുലർത്തണമെന്നും ബിഷപ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ബിഷപ്പിന്റെ ആവശ്യപ്രകാരം പ്രദേശത്തു സമാധാനം നിലനിർത്താൻ പ്രസിഡന്റ് സൈനികരെ നിയോഗിച്ചിട്ടുണ്ട്.
നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിൽ ഒരാഴ്ചക്കകം രണ്ടാമതൊരു വൈദികനെക്കൂടി ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. അദാമാവാ സംസ്ഥാനത്തെ യോളാ രൂപത ബിഷപ് ദാമി മാസയാണ് ഇക്കാര്യം അറിയിച്ചത്.
ഫാ. ഒലിവർ ബൂയെയാണ് ഏറ്റവുമൊടുവിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21നായിരുന്നു സംഭവം. കഴിഞ്ഞ 15ന് ഫാ. ബേസിൽ സുസുവോയെ തട്ടിക്കൊണ്ടുപോയിരുന്നു. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാണ്.
സ്കൂളുകളിലും കോളജുകളിലുംനിന്ന് വിദ്യാർഥികളെ കൂട്ടമായും തട്ടിക്കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ഒന്പതിന് ഒന്പാറ നഗരത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് തട്ടിക്കൊണ്ടുപോയ 24 പേരിൽ 15 പേരെ പോലീസ് രക്ഷിക്കുകയുണ്ടായി.
2014 ഏപ്രിൽ 15ന് 276 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഇതുവരെ 70 സംഭവങ്ങളിലായി 1680 വിദ്യാർഥികളും 60 അധ്യാപകരും അക്രമികളുടെ ബന്ധനത്തിലായിട്ടുണ്ട്.
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 90 പേരെ കാണാതായെന്നും 1,65,000 പേർ ഭവനരഹിതരായെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്.
ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിക്കു പുറമെ ടാൻസാനിയൻ തീരം ലക്ഷ്യമാക്കി വീശിയടിച്ചേക്കാവുന്ന ‘ഹിദായ’ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ഭീഷണിയാകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.
കഴിഞ്ഞ തിങ്കളാഴ്ച നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ വടക്കുള്ള മായ് മാഹിയുവിൽ താത്കാലിക ഡാം തകർന്ന് നിരവധി ഗ്രാമീണർ മരിച്ചിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 52 പേരുടെ മൃതദേഹം കണ്ടെത്തി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 178 ഡാമുകളുടെ പരിസരത്തുള്ള എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടായി തുടർന്നുവന്ന കനത്ത വരൾച്ചയെത്തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കനത്ത മഴയും പ്രളയക്കെടുതിയും ഉണ്ടായിത്തുടങ്ങിയത്. കഴിഞ്ഞ വർഷം കെനിയയിലും സൊമാലിയയിലും എത്യോപ്യയിലുമുണ്ടായ പ്രളയക്കെടുതിയിൽ 300 പേരാണു മരിച്ചത്.
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു
നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു. മായി മഹിയുവിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു.
മരങ്ങൾ കടപുഴകുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തു. നിരവധി വാഹനങ്ങളും ഒലിച്ചുപോയി. തകർന്ന വീടുകളിൽനിന്ന് 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി നക്കുരു കൗണ്ടി പോലീസ് കമാൻഡർ സാമുവൽ ദാനി പറഞ്ഞു.
മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. ഇവർ, വെള്ളപ്പാച്ചിലിൽനിന്ന് ഓടി രക്ഷപ്പെടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയതാവാമെന്ന് പോലീസ് മേധാവി പറഞ്ഞു.
102 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെനിയയിൽ മാർച്ച് പകുതിമുതൽ മഴ തുടരുകയാണ്. ഇതുവരെ മഴക്കെടുതിയിൽ നൂറിലധികം പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
നോൻഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു.
തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് സൈന്യം 56 കുട്ടികളടക്കം 223 പേരെ കൊന്നൊടുക്കിയത്.
കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു
നെയ്റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയാണു മരിച്ചത്.
രണ്ടുപേർക്കു പരിക്കേറ്റതായും പ്രസിഡന്റ് അറിയിച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. തലസ്ഥാനമായ നെയ്റോബിയിൽനിന്ന് 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി എൽജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്.
ചെസെഗോൺ ഗ്രാമത്തിൽനിന്നു പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇവിടെ ഒരു സ്കൂൾ സന്ദർശിച്ചശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകടത്തെ തുടർന്നു പ്രസിഡന്റ് ദേശീയ സുരക്ഷാ കൗൺലിന്റെ അടിയന്തരയോഗം വിളിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ കെനിയൻ എയർഫോഴ്സ് അന്വേഷണസംഘത്തെ അയച്ചതായും റൂട്ടോ പറഞ്ഞു.
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
ബോട്ടിലെ ജനത്തിരക്കും യാത്രക്കാരെ വഹിക്കാൻ അനുയോജ്യമല്ലാത്തതുമാണ് അത് മുങ്ങാൻ ഇടയാക്കിയെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബോട്സ്വാനയിൽ നിന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മോറിയയിലേക്ക് പോകുകയായിരുന്ന വാഹനം പാലത്തിൽ നിന്നും മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
എട്ട് വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
പാലത്തിൽ നിന്നും താഴെ വീണ ബസ് കത്തിയിരുന്നു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിനശിച്ചിരുന്നു. ബസിന് ബോട്സ്വാന ലൈസൻസ് ആണ് ഉള്ളത്. എന്നാൽ യാത്രക്കാർ എത് രാജ്യക്കാരാണെന്ന് പരിശോധിച്ചുവരികയാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.
ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച റോഡുകൾ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്.
എന്നാൽ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ രാജ്യം. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഈസ്റ്റർ ആഴ്ചയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് സിറിൽ റമാഫോസ ദക്ഷിണാഫ്രിക്കക്കാരോട് അഭ്യർഥിച്ചിരുന്നു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. സെന്റ് പാട്രിക് സൊസൈറ്റി അംഗമായ ഫാ. വില്ല്യം ബൻഡയാണ് കൊല്ലപ്പെട്ടത്. സനീൻ കത്തീഡ്രലിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
നന്നായി വസ്ത്രം ധരിച്ചെത്തിയ ആഫിക്കക്കാരനായിരുന്നു അക്രമി. പള്ളിയിൽ പ്രാർഥിക്കാൻ എന്ന വ്യാജേന ഇരുന്ന ഇയാൾ പിന്നീട് ഫാ. ബൻഡയ്ക്കൊപ്പം സങ്കീർത്തിയിലേക്കു കടക്കുകയും പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് അക്രമി പുറത്തു കാത്തുകിടന്ന കാറിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും വൈദികൻ കൊല്ലപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു.
പ്രിട്ടോറിയയിൽനിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെന്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ബുധനാഴ്ച രാവിലെയാണ് ഇവരെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കോപ്റ്റിക് സഭാംഗമായ ഈജിപ്തുകാരൻ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു. നാലാമതൊരാൾ ആക്രമണത്തെ അതിജീവിച്ചിട്ടുണ്ട്.
ഇരുന്പുവടിക്ക് അടികിട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിന്റെ പ്രേരണ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി
ലാഗോസ്: നൈജീരിയയിൽ കൊള്ളക്കാർ 287 സ്കൂൾ കുട്ടികളെയും ഒരു അധ്യാപകനെയും തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ കുരിഗ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാവിലെ എട്ടരയ്ക്കു സ്കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.
സെക്കൻഡറി സ്കൂളിലെ 187ഉം പ്രൈമറിയിലെ 125ഉം അടക്കം 312 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കഡുന സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതിൽ ഒരാൾക്കു രക്ഷപ്പെടാൻ കഴിഞ്ഞു.
കൊള്ളക്കാരുടെ വെടിയേറ്റ ഒരു വിദ്യാർഥി ചികിത്സയിലാണ്. പ്രദേശവാസികൾ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പട്ടണത്തിലെ ഏതാണ്ടെല്ലാ വീട്ടിലെയും കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സായുധസേന ഓപ്പറേഷൻ ആരംഭിച്ചതായി ഗവർണർ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നൈജീരിയയിൽ വിറകു ശേഖരിക്കാൻ പോയ ഡസൻകണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സ്കൂളിൽനിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മോചനദ്രവ്യത്തിനായി കൊള്ളക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
നൈജീരിയയിൽ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി
അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ ബൊർനോ സംസ്ഥാനത്ത് വിറകു ശേഖരിക്കാൻ പോയ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. കാമറൂൺ, ചാഡ് അതിർത്തി പ്രദേശത്തെ ഗാംബൊരു ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇവിടുത്തെ ചാഡ് തടാകക്കരയിൽ വിറകു ശേഖരിക്കാനായി തൊട്ടടുത്ത അഭയാർഥിക്യാന്പിൽനിന്ന് എത്തിയ സ്ത്രീകളാണ് ആക്രമണത്തിനിരയായത്. നാലുപാടുനിന്നും എത്തിയ തോക്കുധാരികൾ സ്ത്രീകളെ അയൽരാജ്യമായ ചാഡിലെ വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
50 സ്ത്രീകളെ തട്ടിക്കൊണ്ടുപോയെങ്കിലും മൂന്നുപേർ രക്ഷപ്പെട്ടു. പ്രദേശത്ത് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നീ ഭീകരസംഘടനകൾ സജീവമാണെന്നും ഇവരാണു തട്ടിക്കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു.
ബുർക്കിന ഫാസോയിൽ 170 പേർ കൊല്ലപ്പെട്ടു
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഒരാഴ്ച മുന്പ് സായുധ ഗ്രൂപ്പുകൾ മൂന്ന് ഗ്രാമങ്ങൾ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസിൽഗ, നോർഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുന്പ് തീവ്രവാദികൾ വടക്കുകിഴക്കൻ ബുർക്കിന ഫാസോയിലെ കത്തോലിക്കാപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.
അന്നു തന്നെ കിഴക്കൻ ബുർക്കിന ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തിൽ ഡസൻകണക്കിനുപേരും കൊല്ലപ്പെട്ടു. 2022 മുതൽ പട്ടാളം ഭരിക്കുന്ന ബുർക്കിന ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.