ഗാന്ധി സ്മരണയിൽ ജീവരക്തം നൽകി; ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
അബ്ദുല്ല നാലുപുരയിൽ
Tuesday, October 7, 2025 11:12 AM IST
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഒക്ടോബർ മൂന്നിന് കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബിഡികെ കുവൈറ്റ് വോളണ്ടിയർമാർ നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.