പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: റൗദ ഏരിയ സമ്മേളനം
Monday, October 6, 2025 12:17 PM IST
റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നയത്തിന്റെ തുറന്ന തെളിവാണെന്ന് കേളി റൗദ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു.
ഒക്ടോബർ അവസാനവാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ 75 സർവീസുകൾ റദ്ദാക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി മാത്രം കോഴിക്കോട് നിന്ന് 25 സർവീസുകളാണ് എടുത്തുമാറ്റപ്പെടുന്നത്. മലയാളികളെ കൂടുതലായി ബാധിക്കുന്ന ഈ നടപടി പ്രതിഷേധാർഹമാണ്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കേരളത്തിലെ പ്രവാസികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. ആയിരക്കണക്കിന് കോടികളുടെ വിദേശനാണ്യം രാജ്യത്തേക്ക് എത്തിക്കുന്ന പ്രവാസികൾക്ക് കേന്ദ്രം നൽകുന്ന കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.
സർവീസുകൾ വെട്ടിക്കുറച്ചാൽ ടിക്കറ്റ് നിരക്ക് നിയന്ത്രണം വിട്ട് ഉയരും. ഇതിനകം തന്നെ അമിത ചെലവിൽ ബുദ്ധിമുട്ടുന്ന സാധാരണ പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള മടക്കം അസാധ്യമാകും. കൂടാതെ
നേരിട്ടുള്ള സർവീസുകൾ ഇല്ലാതാകുന്നതോടെ ട്രാൻസിറ്റ് യാത്രകൾ ആശ്രയിക്കേണ്ടി വരുന്ന പ്രവാസികൾക്ക് അധിക ബാധ്യതയും സമയനഷ്ടവും ഇരട്ടിയാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വെട്ടിക്കുറക്കുന്ന നടപടി ഉടൻ പിൻവലിക്കണമെന്നും കേരളീയരായ പ്രവാസികൾക്ക് ആവശ്യമായ വിമാന സർവീസുകൾ വർധിപ്പിക്കുകയും വേണം.
കേന്ദ്ര സർക്കാരും ഏവിയേഷൻ മന്ത്രാലയവും ഉടൻ ഇടപെട്ട് സർവീസുകൾ പഴയ നിലയിൽ പുനഃസ്ഥാപിക്കാനും ആവശ്യമായിടത്ത് പുതിയ സർവീസുകൾ അനുവദിക്കുകയും വേണമെന്നും ഗൾഫ് മലയാളികൾ ഏറെ ആശ്രയിക്കുന്നവിമാന സർവീസുകൾ വാണിജ്യ നേട്ടത്തിന്റെ പേരിൽ തകർക്കുന്ന പ്രവാസി വിരുദ്ധ നിലപാടിനെതിരേ സമ്മേളനം ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തു.
കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ഒൻപതാമത് റൗദ ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സംഘാടക സമിതി ചെയർമാൻ സലിം കൂടത്തായി താത്കാലിക അധ്യക്ഷനായി പ്രസിഡന്റ് വിനയനെ ക്ഷണിച്ചുകൊണ്ട് തുടക്കം കുറിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ബിജി തോമസ് മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. ഷാജി വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
അഞ്ച് യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ബിജി തോമസ്, ഷാജി കെകെ, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, കേളി രക്ഷാധികാരി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ആഷിഖ് ബഷീർ, പ്രഭാകരൻ ബേത്തൂർ, അനൂപ്, നിഖിൽ, ബിനീഷ്, ജോസഫ് മത്തായി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.
കെ.കെ. ഷാജി (സെക്രട്ടറി), സലീം കൂടത്തായി (പ്രസിഡന്റ്), മുഹമ്മദ് ഷഫീഖ് (ട്രഷറർ), പ്രഭാകരൻ ബേത്തൂർ, കബീർ പാറക്കൽ(ജോയിന്റ് സെക്രട്ടറിമാർ), ഷാനു ഭാസ്കർ, ശ്രീജിത് ശ്രീധരൻ (വൈസ് പ്രസിഡന്റുമാർ), ബവീഷ് (ജോയിന്റ് ട്രഷറർ), ബീനീഷ്, ഇസ്മായിൽ, അബു മുഹമ്മദ്, പി. മുസ്തഫ , ആഷിഖ് ബഷീർ ചന്ദ്രൻ, ജോമോൻ സ്റ്റീഫൻ, ബിജി തോമസ്, ശശിധരൻ പിള്ള, വിൽസൺ ജോസ്, നിസാർ ഷംസുദ്ധീൻ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികളെ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സതീഷ് കുമാർ പ്രഖ്യാപിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രഭാകരൻ ബേത്തൂർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സുരേഷ് ലാൽ, വിനയൻ, സലീം കൂടത്തായി എന്നിവർ പ്രസീഡിയം, സതീഷ് കുമാർ, ബിജി തോമസ്, ഷാജി കെകെ സ്റ്റിയറിംഗ് കമ്മിറ്റി, ജോമോൻ സ്റ്റീഫൻ, ആഷിഖ് ബഷീർ എന്നിവർ പ്രമേയ കമ്മിറ്റി, ശ്രീകുമാർ, ഷഫീഖ് മിനിറ്റ്സ് കമ്മിറ്റി, പ്രഭാകരൻ, ശ്രീജിത്, ശശിധരൻ പിള്ള ക്രെഡൻഷ്യൽ കമ്മറ്റി, ചന്ദ്രൻ, അനൂപ്, ബിനീഷ് രജിസ്ട്രേഷൻ എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വാഗതവും പുതിയ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സമ്മേളനത്തിന് നന്ദിയും പറഞ്ഞു.