ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു
Saturday, October 4, 2025 6:14 PM IST
കുവൈറ്റ് സിറ്റി: ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്റെ 35-ാമത് പുസ്തകം "ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം' പ്രകാശനം ചെയ്തു. ഒളിമ്പ്യാഡ് മുൻ പരീക്ഷകളിൽ നിന്നുള്ള 24 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. കുവൈറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുളുക പുസ്തകം പ്രകാശനം ചെയ്തു.
സാഹിത്യ അക്കാദമി അവാർഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ', ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ "നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിലെ വസന്തം' എന്നിവ അദ്ദേഹത്തിന്റേതായി പുറത്തുവന്ന രചനകളാണ്.
അഞ്ച് ജില്ലകളിൽ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രാജുനാരായണ സ്വാമി.
38 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന റിക്കാർഡും സ്വാമിക്ക് സ്വന്തം. ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിരവധി പ്രധാന നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിൽ സ്വാമി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണത്തിന് ജോർജ് മേസൺ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി ആൻഡ് ഇന്നൊവേഷൻ പോളിസി സ്ഥാപിച്ച ലിയോനാർഡോ ഡാവിഞ്ചി ഫെലോഷിപ്പ്, അഴിമതിക്കെതിരായ പോരാട്ടത്തിന് കാൺപൂർ ഐഐടിയിൽ നിന്ന് 2018 ലെ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡ്, ഹോമി ഭാഭ ഫെലോഷിപ്പ് എന്നിവ സ്വാമിയുടെ നേട്ടങ്ങളിൽ പൊൻതൂവൽ കൂടിയായി.
മദ്രാസ് ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിടെക്കും ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പിഎച്ച്ഡിയും നേടിയ അദ്ദേഹം 1991 ബാച്ചിലെ ഐഎഎസിലെ അഖിലേന്ത്യാ ഒന്നാം റാങ്ക് ജേതാവാണ്.
സ്വർണ മെഡലോടെ ബംഗളൂരിലെ നാഷണൽ ലോ സ്കൂളിൽ നിന്ന് പിജി ഡിപ്ലോമയും ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎമ്മും കരസ്ഥമാക്കിയിട്ടുണ്ട്.