ദുബായി സിഎസ്ഐ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Monday, October 6, 2025 12:29 PM IST
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഔദ് മേത്തയിലുള്ള ദുബായി ജെം പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ജൂബിലിയോടനുബന്ധിച്ച് ഏറ്റെടുത്ത വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുകയും ഇടവകയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ ശക്തി പകരുകയും ചെയ്തു. പ്രത്യേകിച്ചും കേരളത്തിലേക്ക് തിരിച്ചുപോയ മുൻ അംഗങ്ങളെ ഒരുമിച്ച് ചേർത്ത് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടത്തിയ "കുടുംബസംഗമം' ഏറെ ശ്രദ്ധേയമായി.
50 വർഷത്തെ ഇടവകയുടെ ചരിത്രവും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന "ക്യാരിസ്' എന്ന സുവനീർ
പ്രസ്തുത അവസരത്തിൽ പ്രകാശനം ചെയ്തു. മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായിരുന്നു.
സമൂഹത്തിന്റെ പുനർ നിർമിതിയാണ് ജൂബിലിയുടെ സന്ദേശം. സഭ ഈ സന്ദേശം ഉൾക്കൊണ്ട് സമൂഹത്തിന്റെ സകലവിധ നന്മകൾക്കും കാരണഭൂതരാകണം എന്ന് ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ തന്റെ സന്ദേശത്തിൽ പറഞ്ഞു.
മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിനു ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്നും ഇടവകയിൽ സേവനം ചെയ്ത മുൻ വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തു.
ദുബായി ഇന്ത്യൻ കോൺസൽ സുനിൽ കുമാർ, റവ. പ്രേം മിത്ര (ചാപ്ലയിൻ ഹോളി ട്രിനിറ്റി ചർച്ച് ദുബായി), റവ. മാത്യു വർക്കി (മുൻ ഇടവക വികാരി) എന്നിവർ ആശംസകൾ അറിയിച്ചു.
റവ. ഡോ. പി. കെ. കുരുവിളയുടെ (മുൻ ഇടവക വികാരി) പ്രാർഥനയോടു കൂടി ആരംഭിച്ച കാര്യ പരിപാടികൾക്ക് ജോൺ കുര്യൻ (ജനറൽ കൺവീനർ) സ്വാഗതവും എ.പി ജോൺ (വൈസ് പ്രസിഡന്റ്) ആശംസയും സജി കെ. ജോർജ് (ജൂബിലി സെക്രട്ടറി) ഒരു വർഷത്തെ ജൂബിലി പ്രവർത്തനങ്ങളുടെ അവലോകനവും ബിബു ചെറിയാൻ (പ്രോഗ്രാം കൺവീനർ) നന്ദിയും അറിയിച്ചു.
റവ. ഫെലിക്സ് മാത്യുവിന്റെ (മുൻ ഇടവക വികാരി) പ്രാർഥനയോടെ പൊതു സമ്മേളനം സമാപിച്ചു. റവ. ടിറ്റു തോമസ് (ദുബായി ട്രിനിറ്റി മാർത്തോമ്മാ ചർച്ച്), റവ. ജിജോ. ടി. മുത്തേരി (മാർത്തോമ്മാ പാരിഷ് ദുബായി), റവ. ബ്രൈയിറ്റ് ബി. മോഹൻ (സിഎസ്ഐ എസ്കെഡി ദുബായി), റവ. എൽദോ പോൾ (ഇവാഞ്ചലിക്കൽ ചർച്ച് ദുബായി), ഫാ. വർഗീസ് കോഴിപ്പാടൻ (സെന്റ് മേരീസ് കാത്തലിക് ചർച്ച്, ദുബായി), റവ. സുനിൽ രാജ് ഫിലിപ്പ് (സിഎസ്ഐ പാരിഷ് ഷാർജ), റവ.ബിജു കുഞ്ഞുമ്മൻ (സിഎസ്ഐ ചർച്ച് മലയാളം, അബുദാബി), റവ. ചാൾസ് എം ജെറിൽ (സി എസ് ഐ ഓൾ സെന്റ് ചർച്ച് ജബൽ അലി) എന്നിവർ ഇടവകയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു.
ഇടവകയുടെ സ്ഥാപക അംഗങ്ങളും ഇടവകാംഗങ്ങളും യുഎഇയിലെ മറ്റു ക്രിസ്തീയ വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു. ഏകദേശം അറുനൂറിലധികം വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള “യുബിലാറ്റെ ഡെയോ” എന്ന സംഗീത വിരുന്നും ഒരുക്കി.
ഹോളി ട്രിനിറ്റി സെന്റ് പോൾസ് ചാപ്പലിൽ വച്ചു ബിഷപ് റൈറ്റ്. റെവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ ആരാധനയോയുടെ കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു.
ഞായറാഴ്ച ആരാധനയ്ക്ക് ലിബിനി ഈസൺ ജോർജ്, ജിനോ മാത്യു ജോയ് (ചർച്ച് വാർഡൻസ്) എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അനിൽ ഇടിക്കുള മാത്യു (ചർച്ച് സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.