സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
സിബി ജോസ്
Wednesday, September 17, 2025 5:11 PM IST
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷവും ഇരുപതാം വാർഷികവും വിപുലമായ പരിപാടികളോടെ ഫെൻന്റെെൺ സെന്റ് പീറ്റേഴ്സ് അക്കാഡമി ഹാളിൽ നടന്നു.
എസ്എംഎ കുടുംബാംഗങ്ങൾ ഒരുമിച്ച് പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വനിതാ ഭാരവാഹികളായ രാജലക്ഷ്മി രാജൻ, സിനി വിൻസന്റ്, ജോസ്നി ജിനോ, ജയ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ഓണസദ്യ വിളമ്പി. സെക്രട്ടറി സജി ജോർജ്, മുൻ സെക്രട്ടറി ജിജോ ജോസഫ്, മുൻ പ്രസിഡന്റ് എബിൻ ബേബി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഭംഗിയായി സദ്യ വിളമ്പി.

വൈകുന്നേരം നാലിന് ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാബലിയെ സ്റ്റേജിലേക്ക് ആഘോഷപൂർവം ആനയിച്ചു വരവേറ്റത്തോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ സെന്റ് കുര്യാക്കോസ് യാക്കോബായ പള്ളി വികാരി ഫാ. സിബി വാലയിൽ മുഖ്യാതിഥിയായിരുന്നു.

അസോസിയേഷൻ സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ബെന്നി പാലാട്ടി തിരിതെളിയിച്ചുകൊണ്ട് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. റവ.ഫാ. സിബി വാലയിൽ ഓണസന്ദേശം നൽകി. പ്രോഗ്രാം കോഓർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ യോഗത്തിന് നന്ദി അർപ്പിച്ചു.
20 വർഷം പൂർത്തിയാക്കിയ സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും അസോസിയേഷൻ ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ചേർന്ന് നിർവഹിച്ചു. മുൻ പ്രസിഡന്റുമാരായ കെ.പി. വിജി, അജി മംഗലത്ത്, ക്രിസ്റ്റി സെബാസ്റ്റ്യൻ, വിൻസന്റ് കുര്യാക്കോസ്, റോയി ഫ്രാൻസിസ്, എബിൻ ബേബി എന്നിവരെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

എസ്എംഎയുടെ വടംവലി ടീമായ സ്റ്റോക്ക് ലയൺസ് അംഗങ്ങളെയും മാനേജർമാരായ മാമച്ചനെയും അജിമംഗലത്തിനേയും ആദരിക്കുന്ന ചടങ്ങ് നടന്നു. പരിപാടിക്ക് "ഓണവില്ല് 2K25' എന്ന പേര് നിർദേശിച്ച ഷിന്റോ തോമസിന് സമ്മാനം നൽകി വേദിയിൽ ആദരിച്ചു..
തുടർന്ന് കലാപരിപാടികളുമായി എസ്എംഎയുടെ ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും കാഴ്ചക്കാർക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചു. ചെണ്ടമേളം, തിരുവാതിരക്കളി, ഓണപ്പാട്ടും ഡാന്‍സും, നൃത്ത കലാപരിപാടികൾ, ഡിജെ എന്നിവ അരങ്ങേറി.
എസ്എംഎയുടെ മുൻ പ്രസിഡന്റ് വിൻസന്റ് കുര്യാക്കോസ് മാവേലിയായി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സെറീന സിറിൽ ഐക്കരയും ദീപ സുരേഷും സിന്റോ വർഗീസും അതിമനോഹരമായി സ്റ്റേജിലെ പരിപാടികൾ നിയന്ത്രിച്ചു.


സ്പോർട്സ് ഡേ വിജയികൾക്കുള്ള സമ്മാനദാനങ്ങൾ സ്പോർട്സ് കോഓർഡിനേറ്റർമാരായ ആഷ്ലി കുര്യന്റെയും എബിന്റെയും നേതൃത്വത്തിൽ സമ്മാനിച്ചു. തുടർന്ന് റാഫേൾ ടിക്കറ്റ് നറുക്കെടുപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി.
സംഘടനയുടെ വൈസ് പ്രസിഡന്റ് ജോസ് ജോൺ, രാജലക്ഷ്മി ജയകുമാർ, ജോയിന്റ് സെക്രട്ടറി ജിൽസൺ കുര്യാക്കോസ്, ജയ വിപിൻ, പിആർഒ സിബി ജോസ്, പ്രോഗ്രാം കോഓർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ, ജയ വിബിൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
ട്രഷറർ ആന്റണി സെബാസ്റ്റ്യൻ ഓണാഘോഷം വിജയമാക്കാൻ സഹകരിച്ച പ്രവർത്തിച്ച എല്ലാവരെയും നന്ദി അറിയിച്ചു.