ഗാന്ധി ജയന്തി ദിനം ഐഒസി യുകെ സേവന ദിനമായി ആചരിക്കും
റോമി കുര്യാക്കോസ്
Tuesday, September 16, 2025 3:22 PM IST
ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടൺ കൗൺസിലുമായി ചേർന്നു മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും.
രാവിലെ 10 മുതൽ ബോൾട്ടൺ പ്ലേ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് - റീജിയണുകളിൽ നിന്നുള്ള ഐഒസി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കും. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവത്കരിച്ചുകൊണ്ട് സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ സംഘടിപ്പിക്കും.
തദ്ദേശഭരണ സ്ഥാപനങ്ങൾ, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജിഒകൾ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് വിവിവിധ ബോധവത്കരണ പരിപാടികളും മാരത്തോൺ തുടങ്ങിയ കായിക പരിപാടികളും മനുഷ്യ ചങ്ങല തുടങ്ങിയവയും ക്യാമ്പയിനിന്റെ ഭാഗമായി യുകെയിലാകമാനം സംഘടിപ്പിക്കും.
സേവന ദിനത്തിന്റെ ഭാഗമായി യുകെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകർ ബോൾട്ടണിലെ പ്ലേ പാർക്ക് ഗ്രൗണ്ടും പരിസര പ്രദേശങ്ങളും ശുചീകരിക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിക്കും.
പരിപാടിയുടെ ഭാഗമായി ഗാന്ധിസ്മൃതി സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. സേവന ദിനത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കും.