ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്
Thursday, September 11, 2025 12:06 PM IST
ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.