ഹാംബുര്‍ഗ് നോര്‍ത്ത് മലയാളികള്‍ ഓണാഘോഷം സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലിൽ
Monday, September 8, 2025 4:31 PM IST
ഹാംബുര്‍ഗ്: ഹാംബുര്‍ഗിന്റെ വടക്കേ അറ്റത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ഈശ്വര പ്രാർഥന, കുട്ടിമാവേലി, തിരുവാതിരകളി, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പുതിയ അംഗങ്ങളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ ഡാൻസ്, അംഗങ്ങളുടെ ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികളും കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, മിഠായി പെറുക്കൽ, അപ്പം കടി, ലെമൺ ആൻഡ് സ്പൂൺ, വടംവലി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.

കാറ്ററിംഗ് സർവീസ് ഒഴിവാക്കി അംഗങ്ങൾ ഒന്നുചേർന്ന് തയറാക്കിയ 15ലധികം കറികളും വിവിധ തരം പായസങ്ങളോടും കൂടിയ ഓണസദ്യ അസോസിയേഷന്റെ ഇത്തവണത്തെ പ്രത്യേകതയായി.
സുബി ജിത്തു സ്വാഗതവും തോമസ് മാത്യു ഓണസന്ദേശവും നൽകി. കമ്മിറ്റി അംഗങ്ങളായ അഭിലാഷ്, സുബി, എൽസീന, ബൈജു, ബോബൻ, അഞ്ജലി എന്നിവരാണ് നേതൃത്വം നൽകിയത്.

സീനിയർ അംഗമായ "ഹാംബുർഗ് ബാബു' എന്നറിയപ്പെടുന്ന തോമസ് മാത്യു രക്ഷാധികാരിയായി പ്രവർത്തിച്ചു. ഈ വർഷത്തെ റിപ്പോർട്ടും ബജറ്റ് അവതരണവും നടത്തി.


അടുത്ത കൊല്ലത്തെ കമ്മിറ്റി അംഗങ്ങളായി ലിജോ, ബിനു, ടോണി, മേജോ, രാഗേഷ്, ജയ, ഹണി, സോബിൻ എന്നിവരെ തെരഞ്ഞെടുത്തു.