സമീക്ഷ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിനായി സ്വാഗത സംഘം രൂപീകരിച്ചു
Friday, September 12, 2025 7:32 AM IST
ഷെഫീൽഡ്: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലീറ്റർ കോട്ട് പോൾ സ്വാഗതവും ദേശീയ ആക്ടിംഗ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആമുഖ പ്രസംഗവും ബൈജു നാരായണൻ നന്ദിയും പറഞ്ഞു.
ട്രഷറർ അഡ്വ. ദിലീപ് കുമാർ അവതരിപ്പിച്ച സ്വാഗത സംഘത്തിന്റെ പാനൽ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ചെയർ പേഴ്സൺ : രാജി രാജൻ, ജനറൽ കൺവീനർ: ഉണ്ണികൃഷ്ണൻ ബാലൻ, കൺവീനർ: ബൈജു നാരായണൻ എന്നിവർക്ക് പുറമേ കോർ കമ്മിറ്റിയിൽ എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും കൂടാതെ ഫിനാൻസ് ,റിസപ്ഷൻ ,ഫുഡ് ,മീഡിയ & പബ്ലിസിറ്റി, പ്രോഗ്രാം, ഹെൽത് & സേഫ്റ്റി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളും അടങ്ങുന്ന സ്വാഗത സംഘം ഉടൻ പ്രവർത്തനം ആരംഭിക്കും.
യൂണിറ്റ് പ്രദേശങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം ഗ്രാന്റ് ഫിനാലെ നവംബർ 9 ന് ഷെഫീൽഡിലെ ഇംഗ്ലിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. യുകെ മലയാളി സമൂഹത്തിന്റെയും, മറ്റ് കമ്യൂണിറ്റി അംഗങ്ങളുടേയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയാണ് സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ലക്ഷ്യം.
സമീക്ഷ യുകെയുടെ അഞ്ച് ഏരിയാ കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുന്ന 33 യൂണിറ്റ് കമ്മിറ്റികളും മത്സരങ്ങളുടെ ഭാഗമാകും. കഴിഞ്ഞ തവണ 16 ഇടങ്ങളിലായി നടന്ന പ്രാദേശിക മത്സരങ്ങളിലായി 500ലധികം പേർ പങ്കെടുത്തിരുന്നു. ഇത്തവണ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 750 പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫിനാൻസ്, പ്രോഗ്രാം, മീഡിയ, വെന്യു, റിസപ്ഷൻ, ഫുഡ് എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളിൽ ദേശീയ സമിതി അംഗങ്ങൾക്ക് പുറമേ ഏരിയ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് സ്പോർട്സ് കോ ഓർഡിനേറ്റർമാർ എന്നിവരെ കൂടാതെ സമീക്ഷയിൽ അംഗത്വം ഇല്ലാത്തവരെയും സമീക്ഷയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവരെയും ഒരുമിച്ച് നിർത്തി കൊണ്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : ഷാജു ബേബി, ഷെഫീൽഡ്: 07846 593330, സ്വരൂപ് കൃഷ്ണൻ, ഷെഫീൽഡ്: ഗ്ലീറ്റർ കോട്ട് പോൾ, ബെർമിങ്ങാം:07500 741789, ആന്റണി ജോസഫ്, ചെംസ്ഫോർഡ് :07474666050. സ്വരൂപ് കൃഷ്ണ: +44 7730 263955