ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് ഷിക്കാഗോയിൽ
അനിൽ മറ്റത്തിക്കുന്നേൽ
Thursday, July 3, 2025 7:48 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 11-ാമത് മീഡിയ കോൺഫറൻസിന്റെ ഷിക്കാഗോയിലെ ഔദ്യോഗിക കിക്ക് ഓഫ് മീറ്റിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടക്കും.
ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയായുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ദേശീയ ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, മുൻ പ്രസിഡന്റും ഉപദേശക സമിതി ചെയർമാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവർ അതിഥികളായി പങ്കെടുക്കും.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസണിലെ ഷെറാട്ടൺ ഹോട്ടൽ സമുച്ചയത്തിലാണ് രാജ്യാന്തര മാധ്യമ സമ്മേളനം നടക്കുന്നത്.
ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, ഉപദേശക സമിതി ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, ഉപദേശക സമിതി അംഗങ്ങൾ, ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മീഡിയ കോൺഫറൻസ് നടക്കുന്നത്.
അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യസാംസ്കാരിക സംഘടനകളുടെ നേതാക്കളുടെയും സാന്നിധ്യം ഈ കോൺഫറൻസിന്റെ മാത്രം പ്രത്യേകതയാണെന്ന് കൺവൻഷൻ ചെയർമാനും ന്യൂയോർക്ക് ചാപ്റ്ററിന്റെ മുൻ വൈസ് പ്രസിഡന്റുമായ സജി എബ്രഹാം പറഞ്ഞു.
ഈ വർഷത്തെ കോൺഫറൻസ് അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനകരമാകുന്ന വിവിധ പരിപാടികളാൽ സമ്പന്നമായിരിക്കുമെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയാ അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന പുതിയ മാധ്യമ രീതികളെക്കുറിച്ചുള്ള അവലോകനവും ഇതിന്റെ ഭാഗമാണ്. പ്രസ്സ്ക്ലബ് എല്ലാ കോൺഫറൻസുകളും മികച്ച രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്, ഈ വർഷത്തെ സമ്മേളനവും അതിഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ബിജു കിഴക്കേക്കുറ്റ് അഭിപ്രായപ്പെട്ടു.
ഷിക്കാഗോയിലെ കിക്ക് ഓഫ് മീറ്റിംഗിന് പ്രസിഡന്റ് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്, വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടർമാരാണ് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് - ബിജു സഖറിയ: 18476306462, അനിൽ മറ്റത്തിക്കുന്നേൽ: 17732803632, അലൻ ജോർജ്: 13312621301