അമേരിക്കൻ മണ്ണിൽ മഞ്ഞളിന്റെ വസന്തം പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും
പി.പി. ചെറിയാൻ
Wednesday, July 2, 2025 7:13 AM IST
ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടനിലെ വീട്ടുമുറ്റത്ത് മഞ്ഞൾ പൂവിട്ടതിന്റെ സന്തോഷത്തിലാണ് കോട്ടയം പുതുപ്പള്ളി അമയന്നൂർ സ്വദേശി സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കൽ. യുഎസിലെ കാലാവസ്ഥയില്‍ മഞ്ഞൾ കൃഷി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കെ, സണ്ണിയുടെ വീട്ടുമുറ്റത്തെ ഈ അപൂർവ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.
കേരളത്തിലെ മുൻകാല പൈനാപ്പിൾ കർഷകനും കൃഷിക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമായ സണ്ണി, അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയിലും തന്റെ കാർഷിക പാരമ്പര്യത്തെ സ്നേഹിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിലധികം വിലയുള്ള അമേരിക്കൻ വിപണിയിൽ, മഞ്ഞളിന്റെ പ്രാധാന്യം വളരെ വലുതാണ്.
"നട്ട് രണ്ട് വർഷമാകുമ്പോൾ വിളവെടുക്കാം. ആവശ്യത്തിന് വെള്ളവും ജൈവ വളവും നൽകിയാൽ നല്ല ഫലം ലഭിക്കും' സണ്ണി തന്റെ കൃഷിരീതിയെക്കുറിച്ച് പറയുന്നു. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ അനുവാദമില്ലാത്തതിനാൽ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ.
കൃഷിയേയും കൃഷിക്കാരേയും അവഗണിക്കുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം നല്ല കാഴ്ചകളും വാർത്തകളും സമൂഹത്തിന് ഉപകാരപ്രദമാകട്ടെ എന്നും സണ്ണി കറ്റുവെട്ടിയ്ക്കൽ കൂട്ടിച്ചേർത്തു.