ഷിക്കാഗോ മൃഗശാലയിൽ മൂന്ന് വയസുകാരന് രക്ഷകനായി "ബിന്റി ജുവ 'ഗൊറില്ല
പി.പി. ചെറിയാൻ
Wednesday, July 2, 2025 6:27 AM IST
ഷിക്കാഗോ: ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ല കൂട്ടിൽ വീണ മൂന്ന് വയസുകാരന് മുന്നിൽ സൂപ്പർ ഹീറോ ആയി മാറിയത് ബിന്‍റി ജുവ എന്ന വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയാണ്.
കൂട്ടിൽ അബോധാവസ്ഥയിൽ വീണ കുട്ടിയെ ശ്രദ്ധാപൂർവ്വം കയ്യിലെടുത്ത് ഗൊറില്ല രക്ഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൂട്ടിന്‍റെ വാതിൽക്കൽ കാത്തുനിന്ന മൃഗശാലാ സൂക്ഷിപ്പുകാർക്ക് ബിന്‍റി ജുവ കൈമാറി. ഈ ഹീറോ ഗൊറില്ലയെ കാണാനായി ഒട്ടറെ ആളുകളാണ് ഇപ്പോൾ മൃഗശാലയിലേക്ക് എത്തിച്ചേരുന്നത്.
വീഴ്ചയിൽ കുട്ടിയുടെ കൈ ഒടിയുകയും മുഖത്ത് ചെറിയ മുറിവുകൾ ഏൽക്കുകയും ചെയ്തു. കുട്ടി നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മാനങ്ങളും അഭിനന്ദന കത്തുകളും ബിന്‍റി ജുവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ബിന്‍റി ജുവയെ ദത്തെടുക്കാൻ നിരവധി ആളുകൾ താൽപര്യം പ്രകടിപ്പിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇലിനോയ് സംസ്ഥാനത്തെ ഒരു പലചരക്ക് വ്യാപാരി നന്ദി സൂചകമായി 25 പൗണ്ട് വാഴപ്പഴം സമ്മാനമായി നൽകിയതായും റിപ്പോർട്ടുകളുണ്ട്.സാൻ ഫ്രാൻസിസ്കോ മൃഗശാലയിൽ നിന്ന് 1991ൽ ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ എത്തിയ ബിന്റി ജുവ, ഈ വർഷം 37ാം ജന്മദിനം ആഘോഷിച്ചു.
വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലകൾ സാധാരണയായി കാട്ടിൽ 35 വർഷം വരെയാണ് ജീവിക്കുന്നത്. എന്നാൽ മനുഷ്യരുടെ സംരക്ഷണയിൽ അവ കൂടുതൽ കാലം ജീവിക്കാറുണ്ട്.