ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, July 2, 2025 8:07 AM IST
കൗഫ്മാൻ കൗണ്ടി : ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20 ഹൈവേയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 27 വയസുകാരനായ അലക്സിസ് ഒസ്മാനി ഗൊൺസാലസ്കമ്പാനിയോണി അറസ്റ്റിലായത്.
താൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കമ്പാനിയോണി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. ഇയാൾ ഓടിച്ചിരുന്ന 18വീലർ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ട അഞ്ച് പേർ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കിലിടിച്ചാണ് അപകടം ആരംഭിച്ചത്.
തുടർന്ന് കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്ക് ഇടിച്ചുകയറി. അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് ട്രക്കിലെ മറ്റ് നാല് യാത്രക്കാരും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് വച്ച് മരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.