ഹൂസ്റ്റണിൽ യുവാവിനെ തോക്ക് ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, July 2, 2025 7:48 AM IST
ഹൂസ്റ്റൺ: വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു. 8200 ബ്രോഡ്വേയ്ക്ക് സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നയാളുടെ ട്രക്കിന്റെ പിന്നിലായി പ്രതി ഒളിച്ചിരിക്കുകയായിരുന്നു.
പണം പിൻവലിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങിയ ശേഷം, പ്രതി ട്രക്കിൽ നിന്നു പുറത്തിറങ്ങി. തുടർന്ന് തോക്ക് ചൂണ്ടി ഇയാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ, പണം, ഫോൺ എന്നിവ തട്ടിയെടുത്തു. ഇയാളെ ട്രക്കിലേക്ക് തള്ളിയിട്ട് ഏകദേശം അര മൈലോളം ദൂരം സഞ്ചരിച്ച പ്രതി, ഇയാളെ ട്രക്കിൽ നിന്ന് പുറത്താക്കി വാഹനവുമായി കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഹൂസ്റ്റൺ പോലീസ് വാഹനം കണ്ടെത്തുകയും പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയിൽ വാഹനമോടിച്ച പ്രതി, ടെലിഫോൺ റോഡിന്റെയും ഡിക്സി ഡ്രൈവിന്റെയും ഇടയിൽ വച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചു.
അപകടത്തിൽ, പ്രതിയെയും മറ്റ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.