യുഎസ് കാപിറ്റോൾ കലാപം; മൂന്ന് പ്രോസിക്യൂട്ടർമാരെ ട്രംപ് ഭരണകൂടം പുറത്താക്കി
പി.പി. ചെറിയാൻ
Wednesday, July 2, 2025 7:06 AM IST
വാഷിംഗ്ടൺ: യുഎസ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പ്രോസിക്യൂട്ടർമാരെ നീതിന്യായ വകുപ്പ് പുറത്താക്കി. ട്രംപ് ഭരണകൂടം 2021 ജനുവരി 6ലെ ആക്രമണത്തിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അഭിഭാഷകരെ ലക്ഷ്യമിട്ട് നടത്തുന്ന ഏറ്റവും പുതിയ നീക്കങ്ങളാണിത്.
വാഷിംഗ്ടണിലെ യുഎസ്അറ്റോർണി ഓഫിസിൽ ജനുവരി 6ലെ പ്രോസിക്യൂഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന രണ്ട് സൂപ്പർവൈസർമാരും ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ പ്രോസിക്യൂട്ട് ചെയ്ത ഒരു ലൈൻ അറ്റോർണിയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കുന്ന കത്തിൽ അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഒപ്പിട്ടത്. കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിയമങ്ങളുടെയും ആർട്ടിക്കിൾ II എന്ന് മാത്രമാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ട്രംപ് ഭരണകൂടം കരിയർ അഭിഭാഷകർക്കുള്ള സിവിൽ സർവീസ് സംരക്ഷണങ്ങൾ അവഗണിക്കുകയും നീതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം.
ട്രംപിനെതിരായ പ്രോസിക്യൂഷനുകളിൽ പ്രവർത്തിച്ച ജീവനക്കാരെ നീതിന്യായ വകുപ്പിലെ ഉന്നത നേതാക്കൾ പിരിച്ചുവിടുകയും കരിയർ സൂപ്പർവൈസർമാരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. വേണ്ടത്ര വിശ്വസ്തരല്ലെന്ന് കരുതുന്ന അഭിഭാഷകരെ ഏജൻസിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമായി ഇത് വിലയിരുത്തപ്പെടുന്നു.