പിഎസ്ജി വിജയം; പാരീസിൽ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിൽ രണ്ട് മരണം
Monday, June 2, 2025 11:42 AM IST
പാരീസ്: ചാന്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി വിജയിച്ചതിനു പിന്നാലെ ആരാധകർ നടത്തിയ ആഘോഷം ദുരന്തത്തിൽ കലാശിച്ചു. രണ്ട് പേരുടെ ജീവനാണ് ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ നഷ്ടപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്.
പിഎസ്ജിയുടെ വിജയത്തിനു പിന്നാലെ ചാംപ്സ്-എലിസീസ് അവന്യൂവിനും പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിനും സമീപം അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിജയാഘോഷത്തിനിടെ ഫുട്ബോൾ ആരാധകർ പടക്കം പൊട്ടിക്കുകയും ബസ് ഷെൽട്ടറുകൾ തകർക്കുകയും കാറുകൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ തലസ്ഥാനത്ത് 491 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിലുടനീളം ആകെ 559 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.