അയർലൻഡിലെ മലയാളി വടംവലി മത്സരത്തിന്റെ ഔദ്യോഗിക ഭരണസമിതിയായി ടിംസ് പ്രവർത്തനം തുടങ്ങി
ജോസ് കുമ്പിളുവേലിൽ
Monday, May 26, 2025 3:51 PM IST
താല: കൗണ്ടി ഡബ്ലിൻ "ദ ടഗ് ഓഫ് വാർ അയർലൻഡ്' - ഇന്ത്യ മലയാളി സെഗ്മെന്റിന് (ടിംസ്) ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗിക തുടക്കമായി. ഈ സീസണിലെ ആദ്യത്തെ ഓൾ അയർലൻഡ് വടംവലി മത്സരത്തിനോടനുബന്ധിച്ചാണിത്.
സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് ഓഫ് വാർ അയർലൻഡ് പ്രസിഡന്റ് മാർട്ടിൻ ഈഗൻ, ടഗ് ഓഫ് വാർ അയർലൻഡ് സെക്രട്ടറി നോയൽ ഹിഗ്ഗിൻസ്, ടിംസ് ചെയർപേഴ്സൺ സുബിൻ മത്തായി, ടിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ എന്നറിയപ്പെട്ടിരുന്ന ടിംസ്, അയർലൻഡിലുടനീളം കേരള ശൈലിയിലുള്ള വടംവലി മത്സരങ്ങൾക്കായി 2023 ജൂലൈയിലാണ് സ്ഥാപിതമായത്. കേരള ശൈലിയിലുള്ള വടംവലി അയർലൻഡിലുടനീളം വ്യാപിപ്പിക്കുന്നതിന് മേയർ ബേബി പെരേപ്പാടൻ പിന്തുണ അറിയിച്ചു.
അയർലൻഡിലുടനീളം നടക്കുന്ന മത്സരങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും വരാനിരിക്കുന്ന എല്ലാ പുതിയ വടംവലി ടീമുകളെയും പിന്തുണയ്ക്കുന്നതിനും ടിംസ് നിർണായക ഭരണസമിതിയായി പ്രവർത്തിക്കുമെന്ന് ഹിഗിൻസും അറിയിച്ചു.
അയർലൻഡിലുടനീളം ഒരു കായിക ഇനമായി കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന്റെ സുരക്ഷ, ക്ഷേമം, വളർച്ച എന്നിവയ്ക്ക് ആവശ്യമായ ചട്ടക്കൂടും സുസ്ഥിരമായ ഭരണവും സ്ഥാപിക്കുന്നതിന് രാജ്യാന്തര നിയമ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.