ഷെയ്ഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിലെ ജിസിസി പവലിയൻ ശ്രദ്ധേയമായി
അബ്ദുല്ല നാലുപുരയിൽ
Monday, December 2, 2024 2:50 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ(ജിസിസി) 45-ാമത് ഉച്ചകോടിയുടെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ഷെയ്ഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിലെ ജിസിസി പവലിയൻ സന്ദർശിക്കാൻ സംഘാടകർ സൗകര്യമൊരുക്കി.
ഗൾഫ് സഹകരണ കൗൺസിലിന്റെ ചരിത്രവും പിന്നിട്ട നാൾ വഴികളും മനോഹരമായി കോർത്തിണക്കിയ പവലിയൻ ശ്രദ്ധേയമായി.
ജിസിസി സ്ഥാപക നേതാക്കളുടെയും നിലവിലെ ഭരണാധികാരികളുടെയും ഫോട്ടോഗ്രാഫുകളും സുപ്രധാന നേട്ടങ്ങളും ഗൾഫ് രാജ്യങ്ങളുടെ പൈതൃകവും പ്രദർശനത്തിന്റെ പ്രധാന ഭാഗമാണ്.
സംസ്കാരം, മതം, ഭാഷ എന്നിവയിലൂടെ ഒരു പ്രവിശാല ഭൂവിഭാഗം വൈവിധ്യങ്ങൾ നിലനിർത്തി ഒന്നായതിന്റെ ചരിത്രമാണ് പവലിയൻ വരച്ചു കാണിക്കുന്നത്.
1981ൽ കൗൺസിലിന്റെ തുടക്കം മുതൽ കൈവരിച്ച നേട്ടങ്ങളും വികസിച്ചു കൊണ്ടിരിക്കുന്ന വിവിധ മേഖലകളും ഉൾപ്പെടെയുള്ളവയെപ്പറ്റിയുള്ള ഉൾക്കാഴ്ചകളും പവലിയൻ നൽകി.
1981 മേയ് 25ന് അബുദാബിയിൽ നടന്ന ആദ്യ ജിസിസി ഉച്ചകോടി എടുത്തുകാണിച്ചു കൊണ്ടാണ് പവലിയൻ ആരംഭിക്കുന്നത്.
ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തെ ഊഷ്മളമായാണ് കൾച്ചറൽ സെന്റർ അധികൃതർ സ്വീകരിച്ചത്.