കേരള സോഷ്യൽ സെന്ററിൽ ഇൻഡോ - യുഎഇ കൾച്ചർ ഫെസ്റ്റിവൽ
അനിൽ സി.ഇടിക്കുള
Friday, November 29, 2024 4:14 PM IST
അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഡോ - യുഎഇ കൾച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടനവും പ്രമുഖ അറബ് കവി ഖാലിദ് അൽ ബദൂർ നിർവഹിച്ചു.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഖാലിദ് അൽ ബദൂർ പൊന്നാട അണിയിച്ചു. സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി മൊമന്റോ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പിന്റെ വിവിധ കലാകാരന്മാർ "ഇന്ത്യയും അറബ് സംസ്കാരവും' എന്ന വിഷത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ആർട്ട് ക്യാമ്പിന് പ്രുമുഖ ചിത്രകാരൻ ശശിൻസ് നേതൃത്വം നൽകി. നോവൽ, കഥ, കവിത, റേഡിയോ, മൈഗ്രേഷൻ ആൻഡ് മോഡേനിറ്റി എന്നീ നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ.കെ. ദിനേശൻ, ഐഎസ്സി സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായും
അശോകൻ ചരുവിൽ, റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ.പി.കെ. വെങ്ങര, സർജു ചാത്തന്നൂർ, കുഴൂർ വിത്സൻ, കമറുദ്ദീൻ ആമയം, പി. ശിവപ്രസാദ് എന്നിവർ "ഒരു നോവൽ എങ്ങിനെ തുടങ്ങുന്നു', "മലയാളകവിതയുടെ ഭൂമിക', "ചെറുകഥ പ്രമേയത്തിലേക്കുള്ള വേറിട്ട വഴികൾ', "ശബ്ദം സഞ്ചരിച്ച ദൂരങ്ങൾ' എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
അനന്ത ലക്ഷ്മി, സർജു ചാത്തന്നൂർ എന്നിവർ അറബ് കവി ഖാലിദ് അൽ ബദൂറിന്റെ കവിതകൾ ചൊല്ലി. പ്രീയ ശിവദാസ്, റഷീദ് പാലക്കൽ, മൊഹമ്മദാലി, രമേഷ് പെരിമ്പിലാവ്, അസി, ഹമീദ് ചങ്ങരംകുളം, എം.സി. നവാസ് എന്നിവർ വിവിധ എഴുത്തുകാരുടെ നോവലും കഥയും കവിതയും വായിക്കുകയും ചൊല്ലുകയും ചെയ്തു.
സർജു ചാത്തന്നൂർ, കമറുദ്ധീൻ ആമയം, സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, ഷഹീർ ഹംസ, ഹിഷാം സെൻ, സഫറുള്ള പാലപ്പെട്ടി, ധനേഷ് കുമാർ അനീഷ് എന്നിവർ നേത്യത്വം നൽകി.