ശരീരം തളർന്ന യുപി സ്വദേശിക്ക് നാടണയാൻ തുണയായി കേളി
Friday, November 29, 2024 3:36 PM IST
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു.
17 വർഷത്തോളമായി റിയാദിൽ ജോലി ചെയ്യുന്ന അജാജ് അഹമ്മദ് കഴിഞ്ഞ നാല് മാസമായി കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീർത്തും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെ പരിചരണത്തിന്റെ ഭാഗമായാണ് യാത്ര ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആത്മാർഥമായ സഹകരണം ലഭിച്ചതിനെ തുടർന്നാണ് അജാജ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സംഭവത്തെ കുറിച്ച് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം നാസർ പൊന്നാനി പറയുന്നത് ഇങ്ങിനെ.
മറ്റൊരു കിടപ്പ് രോഗിയുടെ വിവരങ്ങൾ അന്വേഷിക്കാൻ ആശുപത്രിയിൽ എത്തുകയും അദ്ദേഹത്തിന്റെ കാര്യത്തിൽ കേളി നടത്തുന്ന ഇടപെടലുകൾ കണ്ട ആശുപത്രി അധികൃതർ, നാലുമാസത്തോളമായി ചികിത്സയിൽ കഴിയുന്ന ഒരു ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാൻ സഹായിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.
തുടർന്ന് കാര്യങ്ങൾ അന്വേഷിച്ച നാസറിന് അറിയാൻ കഴിഞ്ഞത് അജാജിന്റെ ദയനീയ അവസ്ഥയായിരുന്നു. 17 വർഷത്തിലേറെയായി ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്ന അജാജ് ആദ്യം ഹൗസ് ഡ്രൈവർ വിസയിലാണ് സൗദിയിൽ എത്തിയത്.
ദീർഘകാലം ഡ്രൈവറായി ജോലി ചെയ്യുകയും ഈ അടുത്തിടെ സ്പോൺസറുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറുകയായിരുന്നു. ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട അജാജിനെ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തുടർന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല.
അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങൾക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണം അജാജിന്റെ രോഗത്തിന് അൽപ്പം ആശ്വാസം ലഭിച്ചു.
സ്പോൺസറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടിയത്.
തുടർന്ന് നാസർ പൊന്നാനി ആശുപത്രിയിൽ നിന്നും രേഖകൾ ശേഖരിക്കുകയും ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിർദ്ദേശാനുസരണം നടപടി ക്രമങ്ങൾ നീക്കി.
സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്പോർട്ടും നൽകി. കൂടെ യാത്രചെയ്യാൻ സഹായത്തിനായി സോഷ്യൽ മീഡിയ വഴി അഭ്യർത്ഥന നൽകി. അഭ്യർഥന സ്വീകരിച്ച് അജാജിന്റെ തന്നെ നാട്ടുകാരനായ ഒരാൾ വന്നെങ്കിലും എയർപോർട്ടിലെത്തിയ സമയം അദ്ദേഹം അവസാന നിമിഷം പിന്മാറി.
തുടർന്ന് മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, വിവരങ്ങൾ അന്വേഷിച്ച മുഹമ്മദ് ഉമർ എന്ന ഡൽഹി സ്വദേശി മുന്നോട്ട് വന്ന് ഇദ്ദേഹത്തെ ഏറ്റെടുത്തു. തുടർന്ന് മണിക്കൂറുകളോളം യാത്രാ രേഖകൾ ശരിയാക്കാൻ സമയമെടുത്തു. അത്രയും നേരം അദ്ദേഹവും അജാജിന് വേണ്ടി സഹകരിച്ചു.
ആശുപത്രിയിൽ നിന്നും എയർപോർട്ടിൽ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അതികൃതർ ചെയ്ത് നൽകി. കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ അജാജ് നാടണഞ്ഞു.