ജിസിസി സമ്മിറ്റ് സമാപിച്ചു
അബ്ദുല്ല നാലുപുരയിൽ
Monday, December 2, 2024 11:39 AM IST
കുവൈറ്റ് സിറ്റി: 45-ാമത് ജിസിസി സമ്മിറ്റിന് കുവൈറ്റിൽ പ്രൗഢമായ സമാപനം. ഡിസംബർ ഒന്നിന് ഉച്ചയോടെയാണ് ആറു ജിസിസി രാഷ്ട്രങ്ങളുടെയും തലവന്മാർ സമ്മേളിച്ച ഗൾഫ് ഉച്ചകോടി കുവൈറ്റിലെ ബയാൻ പാലസിൽ നടന്നത്.
പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകസമൂഹം മുന്നിട്ടിറങ്ങണമെന്നും പലസ്തിനൊപ്പം ഗൾഫ് രാജ്യങ്ങൾ ഉറച്ചു നിൽക്കുമെന്നും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ജിസിസി നേതാക്കൾ പറഞ്ഞു.
1967ലെ കെെയേറ്റങ്ങൾക്ക് മുന്നേയുള്ള രീതി പുനഃസ്ഥാപിച്ച് കിഴക്കൻ ജറുസലേം ആസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീൻ രാജ്യമെന്ന ആശയമാണ് ജിസിസി മുന്നോട്ട് വയ്ക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകോടിക്ക് ശേഷം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കുവൈറ്റ് വിദേശ കാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ചേർന്നാണ് ഉച്ചകോടി തീരുമാനങ്ങൾ വിശദീകരിച്ചത്.
ലെബനോനിൽ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നതായും ഇക്കാര്യത്തിൽ കുവൈറ്റിന്റെയും മറ്റു ജിസിസി രാജ്യങ്ങളുടെയും ഇടപെടലിനെ വിലമതിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെയും ആഗോളതലത്തിലെയും സാമ്പത്തിക, സുരക്ഷാ, രാഷ്ട്രീയ രംഗങ്ങളിലെ വെല്ലുവിളികളെ നേരിടാൻ ജിസിസി രാജ്യങ്ങൾ സജ്ജമാണ്. ലോകസുരക്ഷക്ക് ഭീഷണിയാകുന്ന ഘടകങ്ങളെ നേരിടുന്നതിൽ ജിസിസി രാഷ്ട്രങ്ങളുടെ സംഭാവന നിർണായകമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാനും സുസ്ഥിര വികസനവും ഡിജിറ്റൽ ട്രാൻസ്ഫോമേഷനും വേഗത്തിലാക്കാനും ഊർജ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകാനും അംഗരാജ്യങ്ങളോട് ഉച്ചകോടി ആഹ്വാനം ചെയ്തു.
മേഖലയെ ആഗോള വ്യാപാര, സാമ്പത്തിക ഹബാക്കുകയാണ് ലക്ഷ്യം. അറബ്, ഇസ്ലാമിക് മൂല്യങ്ങളും ഗൾഫ് വ്യക്തിത്വവും ഉയർത്തിപ്പിടിക്കുന്നതിൽ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമുള്ള പങ്ക് ഉച്ചകോടി എടുത്തുപറഞ്ഞു.
സാമ്പത്തിക വികാസത്തിൽ ഡിജിറ്റൽ എക്കോണമിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഈ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വനിതകളുടെയും യുവാക്കളുടെയും സര്വതോന്മുഖ ശാക്തീകരണത്തിന് ജിസിസി രാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രത്തലവന്മാർ പറഞ്ഞു. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ അൽജാബിർ അൽ സബാഹ് അധ്യക്ഷനായി.
വൈവിധ്യവൽക്കരണത്തിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഏകീകൃത നയങ്ങളിലൂടെയും പാരമ്പര്യേതര വരുമാനത്തിലൂടെയും സാമ്പത്തിക സുസ്ഥിരത കൈവരിക്കണം. എഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്വർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ്, ബഹറിൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമൂദ് ആൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റ് ഷൈഖ് മൻസൂർ ബിൻ സായിദ്, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആൽ സൈദ്, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.