അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ കൊയ്ത്തുത്സവം ഞായറാഴ്ച
അനിൽ സി.ഇടിക്കുള
Saturday, November 23, 2024 3:19 PM IST
അബുദാബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്റെ ഓർമയുണർത്തുന്ന കൊയ്ത്തുത്സവത്തിനു അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
ഞായറാഴ്ച മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കുന്ന വമ്പൻ മേളയ്ക്ക് അരങ്ങൊരുങ്ങുക. രാവിലെ 9.30നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
ഈ വർഷത്തെ ചിന്താ വിഷയം "സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതാണ്'. വൈകുന്നേരം മൂന്നിനു നടക്കുന്ന വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.
പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെന്റി, വിജയ് ടിവി സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും.
52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യാകർഷണം. കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു,
ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് .ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.