ജിസിസി സമ്മിറ്റ് ഞായറാഴ്ച കുവൈറ്റിൽ
അബ്ദുല്ല നാലുപുരയിൽ
Saturday, November 30, 2024 10:35 AM IST
കുവൈറ്റ് സിറ്റി: 45-ാമത് ജിസിസി സമ്മിറ്റിന് കുവൈറ്റ് ആതിഥ്യമരുളുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ചയാണ് ബയാൻ പാലസിൽ വച്ച് സമ്മിറ്റ് നടക്കുക.
ആറു ജിസിസി രാജ്യങ്ങളിലെയും ഭരണതലവൻമാർ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേരും. ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക, വ്യാപാര, രാഷ്ട്രീയ മേഖലകളിലെ ഉന്നമനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ ഉച്ചകോടിയിലുമുണ്ടാകുമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.
കഴിഞ്ഞ 44 സമ്മിറ്റുകളിലെ നിർണായകമായ തീരുമാനങ്ങൾ അംഗരാജ്യങ്ങളുടെ പുരോഗതിയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. 16747 ബാരൽ എണ്ണയാണ് ജിസിസി രാജ്യങ്ങൾ ഇപ്പോൾ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
ജിസിസി രാജ്യങ്ങളുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം നാലു ട്രില്യൺ ഡോളർ വരും. 2026ൽ പ്രതിശീർഷ വരുമാനം ആറു ട്രില്യൺ ഡോളറായി വളരും. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2117 കിലോ മീറ്റർ നീളമുള്ള റയിൽ പാത 2030ൽ പൂർത്തിയാകും.
ആറു മില്യൺ യാത്രക്കാരെയും 22 മില്യൺ ടൺ ചരക്കുകളെയും പ്രതിവർഷം വഹിക്കാൻ ഇതിന് ശേഷിയുണ്ടാകും. പലസ്തീൻ പ്രശ്നമടക്കമുള്ള മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് ജിസി കൗൺസിൽ നൽകുന്നത്.
രാഷ്ട്രീയവും മാനവികവുമായ പരിഹാരങ്ങൾക്കും ശാശ്വത സമാധാനത്തിനുമാണ് ശ്രമിക്കുന്നത്. അംഗരാജ്യങ്ങക്ക് പുറമെ മിക്കവാറും ലോകരാജ്യങ്ങളുമായി വാണിജ്യ വികസന രംഗങ്ങളിൽ ജിസിസി കൗൺസിൽ കരാറിലെത്തിയിട്ടുണ്ട്.
അമേരിക്ക, തുർക്കി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമ്മിറ്റിനു ശേഷം രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രഖ്യാപനമുണ്ടായേക്കും.