കുവൈറ്റ് - ബ്രിട്ടീഷ് ഓർക്കസ്ട്ര യുണൈറ്റഡ് ഇൻ ഹാർമണി പരിപാടി ഗംഭീരമായി
അബ്ദുല്ല നാലുപുരയിൽ
Monday, December 2, 2024 1:38 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള 125 വർഷമായുള്ള നയതന്ത്ര ബന്ധത്തെ അടയാളപ്പെടുത്താനായി നടക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുവൈറ്റ് - ബ്രിട്ടീഷ് ഓർക്കസ്ട്ര യുണൈറ്റഡ് ഇൻ ഹാർമണി പരിപാടി ഗംഭീരമായി.
റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിലെ(ആർപിഒ) സംഗീതജ്ഞരെയും കഴിവുള്ള കുവൈറ്റ് കലാകാരന്മാരെയും അണിനിരത്തിയായിരുന്നു ഓർക്കസ്ട്ര സംഘടിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം ആഘോഷിക്കുന്നതായി പരിപാടി. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെയും പരമ്പരാഗത കുവൈറ്റ് മെലഡികളുടെയും സമന്വയമായിരുന്നു പരിപാടി.
കുവൈറ്റ് സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മൊസാർട്ട്, എൽഗർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുടെ സംഗീത നിശയായിരുന്നു മുഖ്യ ഇനം.
കുവൈറ്റിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ(ജിസിസി) 45-ാമത് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകർക്ക് ജാബിർ അൽ അഹ്മദ് ഹാളിൽ നടന്ന ഓർക്കസ്ട്ര ആസ്വദിക്കാൻ സംഘാടകർ സൗകര്യമൊരുക്കിയിരുന്നു.