ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ രണ്ട്, മൂന്ന് തീയതികളിൽ
പി.എൻ. ഷാജി
Wednesday, October 16, 2024 10:24 AM IST
ന്യൂഡൽഹി: ഭക്തമനസുകൾക്ക് പുണ്യം പകരാൻ 22-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ രണ്ട്, മൂന്ന് മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ജയസൂര്യാ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, തുടർന്ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവിലെ രമേശ് ഇളമൺ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം, ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന, ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
ചടങ്ങിൽ 2023-24 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർദ്ധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.
9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. 10 മണിക്ക് ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്-2 അവതരിപ്പിക്കുന്ന ഭജനാമൃതം.
വിദ്യകലാശം, മഹാകലാശം, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ രഘുനാഥൻ വി. മാലിമേൽ, ലേഖാ സോമൻ, ട്രെഷറർ എസ്. മുരളി എന്നിവരുമായി 8130595922, 9899861567, 8750138768, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.