നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
പി.എൻ. ഷാജി
Monday, October 7, 2024 5:05 PM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. രാവിലെ 5.15ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ നടക്കുക. വിശേഷാൽ പൂജകളും ഉണ്ടാവും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 12 വരെ പ്രഭാത പൂജകൾക്കു ശേഷം രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം ദിവസവും 6.30ന് മഹാ ദീപാരാധനയും ഉണ്ടാവും.
വ്യാഴാഴ്ച ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ആറു മുതൽ എട്ട് വരെ പൂജവപ്പ്. ഞായറാഴ്ച രാവിലെ ഒന്‍പതിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) നടക്കും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജയിൽ പങ്കെടുക്കുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9868990552, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.