ഡിഎംഎ വിനയ് നഗർ - കിദ്വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
Friday, October 4, 2024 3:25 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ മലയാള ഭാഷാ പഠന കേന്ദ്രത്തിലേക്കുള്ള പ്രവേശനോത്സവവും നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടികൾ അരങ്ങേറിയത്
ആഘോഷ പരിപാടികളോടനുബന്ധിച്ച് ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി എൻ. വി. ശ്രീനിവാസ്, ഫാ. സുനിൽ ആഗസ്റ്റിൻ (ആർകെ പുരം സെന്റ് പീറ്റേഴ്സ് ചർച്ച്), അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി,
അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ഏരിയ ട്രെഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കൺവീനർ ശിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പ്രദീപ് ദാമോദരൻ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
2023-24 അധ്യായന വർഷത്തിൽ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണിക്കൊന്ന, സൂര്യകാന്തി എന്നീ പരീക്ഷകളിൽ വിജയികളായ ഏരിയയിലെ കുട്ടികളെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മിമിക്സ് പരേഡും കരോക്കെ സിനിമാ ഗാനങ്ങളും ഓണപ്പാട്ടുകളും ഓണാഘോഷ ചടങ്ങുകൾക്ക് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.