സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
Thursday, August 5, 2021 12:06 PM IST
കുവൈറ്റ് സിറ്റി : സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സര്‍ക്കാര്‍ ,സ്വകാര്യ സ്കൂളുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിദ്യാഭ്യാസ സമിതി നല്‍കിയ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒരു ക്ലാസില്‍ പരമാവധി ഇരുപത് കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക.

അതേസമയം കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് സ്കൂളില്‍ പ്രവേശിക്കണമെങ്കില്‍ ഓരോ ആഴ്ചയിലും പിസിആർ പരിശോധന ഫലം നല്‍കണമെന്നും വിദ്യാഭ്യാസ സമിതി ശുപാര്‍ശ ചെയ്തു. ഇത് സംബന്ധമായി സര്‍ക്കുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ, മാധ്യമ, ആഭ്യന്തര, മറ്റ് സർക്കാർ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉന്നത സമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്കൂളിലേക്ക് മടങ്ങുന്ന തീയതികൾ, ഓൺലൈനിൽ നിന്ന് ഓഫ്‌ലൈൻ രീതികളിലേക്ക് മാറുന്നതിനുള്ള നടപടികളും സമിതി തീരുമാനിക്കും. സ്കൂളിലെ ആരോഗ്യ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശീലനവും ബോധവൽക്കരണ പരിപാടികളും നടത്തുമെന്നും സെപ്റ്റംബറിന് മുമ്പായി പരമാവധി വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ