വെൽകെയർ ബഹറിനും മുഹറഖ് മലയാളി സമാജവും കൈകോർത്തു
Saturday, May 1, 2021 7:09 AM IST
മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷന്‍റെ സേവന വിഭാഗമായ വെൽകെയർ ബഹറിനും മുഹറഖ് മലയാളി സമാജവും കൈകോർത്തപ്പോൾ കോവിഡ് പ്രതിസന്ധി മൂലം ദുരിതപർവ്വത്തിലായ കുടുംബത്തിന് ആശ്വാസം നൽകാനായി.

കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമാവുകയും നാട്ടിൽ കാൻസർ രോഗിയായ മാതാവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടി വരികയും ചെയ്ത യുവാവിനും കുടുംബത്തിനും വേണ്ടിയാണ് വെൽകെയർ ബഹറിനും മുഹറഖ് മലയാളി സമാജവും കൈകോർത്തത്.

നാട്ടിൽ ഒറ്റയ്ക്കായിപ്പോയ കാൻസർ രോഗിയായ മാതാവിന്‍റെ ചികിത്സക്ക് പണം കണ്ടെത്തേണ്ട സാഹചര്യത്തിൽ ദൈനംദിന ജീവിത ചെലവുകളും താമസ സ്ഥലത്തിന്‍റെ വാടകയും നൽകാൻ കഴിയാതെ വന്നപ്പോൾ ഫ്ലാറ്റിന്‍റെ വാടക കുടിശിക തീർക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാനും വെൽകെയർ രംഗത്ത് വരികയായിരുന്നു. തൊഴിൽ രംഗത്തെ അനിശ്ചിതത്വത്തിൽ ഗൃഹനാഥൻ നാട്ടിൽ പോകേണ്ടി വന്നതോടെ മക്കളെ കൂടി നാട്ടിൽ എത്തിക്കാൻ മുഹറഖ് മലയാളി സമാജവും സാമൂഹിക പ്രവർത്തകനായ നാസർ മഞ്ചേരിയുടെ നേതൃത്വത്തിൽ ഐ സി ആർ എഫും കൈകോർത്തതോടെ കാര്യങ്ങൾക്ക് വേഗത വരികയും കഴിഞ്ഞ ദിവസം കുട്ടികൾ സുഖമായി നാട്ടിലെത്തുകയും ചെയ്തു.

തങ്ങളുടെ പ്രയാസത്തിൽ ഒപ്പം നിന്ന വെൽകെയർ ബഹറിനും മുഹറഖ് മലയാളി സമാജത്തിനും മറ്റ് സുമനസുകളോടും ഉള്ള നന്ദിയും കടപ്പാടും കുടുംബം രേഖപ്പെടുത്തി.