ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി
Sunday, April 18, 2021 12:56 PM IST
ദുബായ് : ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി ദുബായ് ഹെൽത്ത് അതോറിറ്റി , കോവിഡ് രോഗം വന്നവർ ഇനിമുതൽ വാക്‌സിനേഷനായി മൂന്നു മാസങ്ങൾ കാത്തിരിക്കേണ്ടതില്ല.ഫൈസർ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അർഹതക്ക് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് ദുബായ് ഹെൽത്ത് അതോറിറ്റി വരുത്തിയിരിക്കുന്നത്.

പുതിയ നിബന്ധകൾ അനുസരിച്ച് മുലയൂട്ടൽ നടത്തുന്ന അമ്മമാർക്കും , ഗർഭധാരണത്തിനായി തീരുമാനിച്ചവർക്കും വാക്‌സിൻ എടുക്കുന്നതിനു വിലക്കുകളില്ല. വാക്‌സിൻ എടുത്തവർ മുലയൂട്ടൽ നിർത്തേണ്ട ആവശ്യകതയും ഇല്ലെന്നു അറിയിച്ചിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് കോവിഡ് പ്രതിരോധ ശേഷി മുലപ്പാലിലൂടെയും , പ്ലാസന്റയിലൂടെയും ലഭിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കോവിഡ് രോഗബാധയേറ്റവർ വാക്‌സിൻ ലഭിക്കാനായി മൂന്നു മാസങ്ങൾ കാത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇനി മുതൽ രോഗം ബാധിച്ചവർ അവരുടെ ഏകാന്തവാസം അവസാനിച്ചു കഴിഞ്ഞാൽ വാക്‌സിൻ എടുക്കാവുന്നതാണ് . കൂടിയ രോഗലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചവർ ആശുപത്രിൽ ബന്ധപ്പെടണം. അന്തരാഷ്ട്ര മാർഗ്ഗ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നു ഡി എച് എ യുടെ സി ഇ ഒ ഡോ . ഫരീദ അൽ ഖാജാ അഭിപ്രായപ്പെട്ടു. വാക്‌സിൻ സ്വീകരിക്കാനുള്ള പ്രായം 18 ൽ നിന്നും 16 ആയി കുറച്ചിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള