കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചിച്ചു
Saturday, September 26, 2020 8:55 AM IST
റിയാദ്: നടനും സംഗീതഞ്ജനും ഗായകനുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചിച്ചു.

2000-ൽ പ്രിയപ്പെട്ട കവി പി.എസ്.ഹമീദ് കാസർകോഡിന്‍റെ ഫാത്തിമ 1- എന്ന കാസറ്റിനു വേണ്ടി എഴുതിയ വരികൾക്ക് എസ്പി ശബ്ദം നൽകിയപ്പോൾ അത് മാപ്പിളപ്പാട്ടിലെ തന്നെ ഒരു ചരിത്രമുഹൂർത്തമായി മാറുകയായിരുന്നു. ഈ കാസറ്റിൽ "ചോരും മിഴിയുമായ് ' എന്ന ഗാനവും "മഴവിൽ വർണ്ണ' എന്ന വാണി ജയറാമുമായി ചേർന്ന് ഒരു യുഗ്മ ഗാനവും അദ്ദേഹം ആലപിച്ചു. 2001-ൽ പുറത്തിറക്കിയ പി.എസ് തന്നെ എഴുതിയ ഫാത്തിമ - 2 എന്ന കാസറ്റിലും "ഏതു കട്ടിലിൽ കിടന്നാലും ' എന്ന ഗാനമാണ് എസ്.പി പിന്നീട് പാടിയത്.

ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയാന്വതനായി കാണപ്പെട്ട കലാകാരൻ ആയിരുന്നു എസ്.പി.ബിയെന്നും അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് ജലീൽ തിരൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗം ചെയർമാൻ മൂസ പട്ട ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോ ഓഡിനേറ്റർ മുനീർ കുനിയിൽ, ഇബ്രാഹിം വെളിയംകോട്, ഹാരിസ് ചോല, ഷാനവാസ് ഷാനു, സത്താർ മാവൂർ , ഷെമീർ ബാബു, കെ.പി. മുഹമ്മദ്, ഹംസ നാദം, അശോകൻ കാഞ്ഞങ്ങാട്, ഉമ്മർ മീഞ്ചന്ത, അഷ്റഫ് മേച്ചേരി എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇസ്മയിൽ കാരോളം സ്വാഗതവും ട്രഷറർ ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ