സ്വദേശിവത്കരണം ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്
Saturday, September 19, 2020 9:02 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തെ ബാങ്കുകളില്‍ സ്വദേശിവത്കരണം ഊർജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ബാങ്കുകൾ, നിയമനത്തിന്‍റെ തസ്തിക എന്നിവ ഉറപ്പാക്കി അനുയോജ്യരായ സ്വദേശി ഉദ്യോഗാർഥികൾക്കു തൊഴിൽ നല്‍കണമെന്നും സ്വദേശികളെ ആകർഷിക്കുന്ന വിധം വേതനവും അവധിയും അനുബന്ധ അവകാശങ്ങളും സ്ഥാപനങ്ങളിൽ കൊണ്ടുവരണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടു.

ബാങ്കിംഗ് മേഖലയിലെ പുതു അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നും ഇതിനായുള്ള പുതിയ പദ്ധതികള്‍ക്ക് ബാങ്കുകള്‍ നേതൃത്വം നല്‍കണമെന്നും സിബികെ അധികൃതര്‍ വ്യക്തമാകി.

കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ വിവിധ ബാങ്കിലെ മാനവ വിഭവശേഷി എക്സിക്യൂട്ടീവ് മേധാവികളുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് പുതിയ നിര്‍ദ്ദേശം നല്‍കിയത്. ബാങ്കിംഗ് മേഖലയിലെ ദേശസാൽക്കരണ നിരക്ക് വർധിപ്പിക്കണം. അതോടൊപ്പം ഉന്നത പദവികളിൽ കുവൈത്തി പൗരന്മാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും എച്ച്ആര്‍ മേധാവികളോട് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ആവശ്യപ്പെട്ടു.

ബാങ്കിലെ സ്വദേശികളുടെ എണ്ണം കൂട്ടാനുള്ള നടപടികളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിന്‍റെ നിരീക്ഷണത്തിലായിരിക്കും. ഇതുവരെയുള്ള നിയമന ശതമാനവും വരുംവർഷങ്ങളിൽ പൂർത്തിയാക്കേണ്ട നിയമനങ്ങളുടെ കാര്യത്തിലും പുതിയ പദ്ധതികള്‍ കൊണ്ട് വരണം. വിദഗ്ധ തൊഴിലാളികളെ കിട്ടാത്ത മേഖലയില്‍ ഉദ്യോഗാർഥികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനവും നല്‍കണമെന്നും സിബികെ നിര്‍ദ്ദേശിച്ചു.

ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശി തൊഴിലാളികളാണ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നത്. സിബികെയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയാല്‍ നിരവധി വിദേശികള്‍ രാജ്യം വിടേണ്ടിവരും.

റിപ്പോർട്ട്: സലിം കോട്ടയിൽ