മസ്കറ്റ് സന്പൂർണ ലോക്ക് ഡൗണിലേക്ക്
Wednesday, April 8, 2020 9:38 PM IST
മസ്കറ്റ്: ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്കറ്റ് സന്പൂർണ ലോക്ക് ഡൗണിലേക്ക്. ഏപ്രിൽ 10 മുതൽ 22 വരെയുള്ള കാലയളവിൽ മസ്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഒമാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.

രോഗം ബാധിച്ചവരിൽ നല്ലൊരുഭാഗം മസ്കറ്റിൽനിന്നുള്ളവരായതിനാലാണ് കോവിഡ് പ്രതിരോധത്തിനായി രൂപം കൊണ്ട സുപ്രീം കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 419 ആണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 48 പേരിൽ 41 പേരും രോഗനിർണയം നടത്തിയ 419 ൽ 334 പേരും മസ്കറ്റിൽനിന്നുള്ളവരാണ്.

സ്വദേശി വിദേശി വ്യത്യാസമില്ലാതെ കോവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയിദ് പറഞ്ഞു. രാജ്യത്തെ പ്രവാസി സമൂഹത്തിനിടയിൽ രോഗം വ്യാപിക്കുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് ആരോഗ്യ മന്ത്രി കൂട്ടിചേർത്തു. തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന രോഗബാധിതർ ചികിത്സ തേടാൻ മുന്പോട്ടു വരില്ലെന്നുള്ളത് ഗൾഫ് രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും നേരിടുന്ന ഭീഷണിയാണ്.

രാജ്യത്ത് മാസാവസാനത്തോടെ രോഗം പകരുന്നത് പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കൂകൂട്ടൽ. ചൈനയിൽനിന്നുള്ള പരിശോധന കിറ്റുകളുടെ ഷിപ്മെന്‍റ് എത്തിയിട്ടുള്ളത് കൂടുതൽ പേരെ പരിശോധിക്കാൻ സഹായിക്കും. ഇതുവഴി രോഗബാധിതരുടെ എണ്ണവും വ്യാപന വ്യാപ്തിയും കണ്ടെത്താൻ സാധിക്കും. ഒമാൻ എ‍യറും റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് മെഡിക്കൽ ഉപകരണങ്ങൾ രാജ്യത്ത് എത്തിക്കുന്നത്.

സുപ്രീം കമ്മിറ്റി എടുത്ത തീരുമാനങ്ങൾ രോഗ വ്യാപനം തടയുന്നതിൽ വളരെയധികം നിർണായകമായിട്ടുണ്ട്. ഏതാനും ചില ആരോഗ്യ പ്രവർത്തകർ രോഗബാധിതരാണ്. ചിലർ രോഗവിമുക്തി നേടിയിട്ടുണ്ട്.

നാലു പതിറ്റാണ്ടുകളായി മസ്കറ്റിലെ റുവിയിൽ സേവനം ചെയ്തുപോന്ന മലയാളി ഡോക്ടർ റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ന്യൂമോണിയ ബാധിച്ചതിനെതുടർന്നു ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്.

ഇതിനിടയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സായിദ് 599 തടവുകാർക്ക് പൊതുമാപ്പു നൽകി. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന 336 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.

അതിനിടെ സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിലവിലെ സ്ഥിതിഗതികൾ സംസാരിച്ചുവെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലം അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം