കുവൈത്തിൽ കൊറോണ ബാധികരുടെ എണ്ണം 45 ആയി; ശക്തമായ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍
Friday, February 28, 2020 5:16 PM IST
കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധിതരുടെ എണ്ണം 45 ആയി വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1675 പേരില്‍ നിന്നെടുത്ത സാമ്പിളില്‍ നിന്നാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യകാര്യ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഡോ. ബുത്തൈന അൽ മുദഫ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ അനുസരിച്ചാണ് ചികില്‍സകള്‍ നല്‍കുന്നത്. ഇറാനില്‍ നിന്നും തിരിച്ചെത്തിയവര്‍ക്ക് മാത്രമാണു ഇതുവരെ വൈറസ് ബാധിച്ചിരിക്കുന്നതെന്നും ഇവരെല്ലാവരും ആരോഗ്യ മന്ത്രാലയത്തിന്‍റെ കര്‍ശന നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. ആരുടേയും ആരോഗ്യനില ഗുരുതരമല്ല. അതിനിടെ എനിയും നാനൂറോളം കുവൈത്തികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ ശക്തമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് പുറത്തു വിടുന്നത്. സംശയം തോന്നുന്നവരെ അരോഗ്യ വകുപ്പ് ചികില്‍സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെന്ന് അൽ മുദഫ് പറഞ്ഞു. അതോടപ്പം രാജ്യത്ത് വൈറസിന്‍റെ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍ കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചതായും ലോകാരോഗ്യ സംഘടനയുടെയും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെയും സഹായം തേടിയതായും ആരോഗ്യ മന്ത്രാലയത്തിന്‍റെ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ