ജനദ്രോഹ ബജറ്റ് പ്രവാസികളിൽ അമിതഭാരമുണ്ടാക്കും: ഐഎംസിസി
Thursday, February 13, 2020 10:31 PM IST
ജിദ്ദ: രാജ്യത്തിന്‍റെ സമ്പദ്ഘടനയിൽ നിർണായക പങ്കാളിത്തമുള്ള പ്രവാസികളെ ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ബജറ്റ്, തൊഴിൽ, സാമ്പത്തിക രംഗത്ത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് ഐഎംസിസി യുഎഇ കമ്മിറ്റി പ്രസിഡന്‍റ് കുഞാവുട്ടി എ ഖാദർ പറഞ്ഞു. ഐഎംസിസി ജിദ്ദ കമ്മറ്റി എയർലൈൻസ് ഇമ്പാല ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളിലെ നികുതിയിളവും, കറൻസി മൂല്യവും കാരണമാണ് ചെറിയ ജോലികൾക്കുപോലും പ്രവാസികളാകാൻ ധാരാളം ഇന്ത്യക്കാർ തയാറാകുന്നത്. നികുതി പരിധിയിൽ വരുന്നതോടെ പ്രവാസം ആകർഷകമല്ലാതാകും. ഇപ്പോൾ തന്നെ സ്വദേശി- വൽകരണമടക്കം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രവാസി സമൂഹത്തിന് കനത്ത പ്രഹരമാണിത്. രാജ്യത്തെ നിക്ഷേപത്തേക്കാൾ കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന ഒരു സമൂഹമാണ് പ്രവാസികൾ എന്ന കാര്യം ഗവൺമെന്‍റുകൾ മറന്നു പോകരുത്.

പൗരത്വ ഭേദഗതി നിയമമടക്കം എല്ലാ അർത്ഥത്തിലും ജനദ്രോഹ ഫാസിസ്റ്റ് നയങ്ങൾ മാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെ തൂത്തെറിയാൻ ജനങ്ങൾ മുന്നോട്ടു വരണം.

അതേസമയം പ്രവാസികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താനും, പ്രവാസി ക്ഷേമത്തിന് ബജറ്റിൽ നല്ലൊരു ഫണ്ട് നീക്കി വെക്കാനും മുന്നോട്ട് വന്ന സംസ്ഥാന സർക്കാരിന്‍റെ നടപടി അങ്ങേയറ്റം സന്തോഷമുളവാക്കുന്നതാണ്.

യോഗത്തിൽ ലോക കേരള സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപെട്ട ഐഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് എ.എം അബ്ദുല്ലകുട്ടിക്ക് സ്വീകരണവും നൽകി. ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദ് കുട്ടി വൈലത്തൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി വൈസ് പ്രെസിഡന്റ് അബ്ദുറഹ്മാൻ കാളംമ്പ്രാട്ടിൽ ഉദ്ഘാടനം ചെയ്തു. ഷാജി അരിമ്പ്രത്തൊടി, സി.എച്ച്. ജലീൽ തിരുരങ്ങാടി , അമീർ മൂഴിക്കൻ, ഹംസ ഉച്ചാരക്കടവ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ജനറൽ സെക്രട്ടറി എ.പി.എ ഗഫൂർ സ്വാഗതവും മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു .

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ