ഡൽഹി പബ്ളിക് സ്കൂൾ ജേതാക്കൾ
Tuesday, January 28, 2020 8:14 PM IST
കുവൈത്ത്: ഇന്‍റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (IQA) കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്‍റെ സഹകരണത്തോടുകൂടി കുവൈറ്റിൽ സംഘടിപ്പിച്ച പ്രഥമ നാഷണൽ ക്വിസ് ചാന്പ്യൻഷിപ്പിൽ ഡൽഹി പബ്ളിക് സ്കൂൾ (DPS) ജേതാക്കളായി.

ഡൽഹി പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച കുര്യൻ തോമസ് , ഷാരോൺ തോമസ് ടീം ഒന്നാം സ്ഥാനത്തോടെ പ്രഥമ കുവൈറ്റ് നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാഡമിയെ പ്രതിനിധീകരിച്ച അർജുൻ - ബിജു ടീം രണ്ടാം സ്ഥാനവും ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂളി (ഭാരതീയ വിദ്യാ ഭവൻ) നെ പ്രതിനിധീകരിച്ച ധനുഷ് , നോയൽ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാഡമിയെ പ്രതിനിധീകരിച്ച എബിൻ ബാബു, ആദിത്യ ബിജു ടീം പ്രഥമ ജൂണിയർ നാഷണൽ ചാമ്പ്യൻപട്ടവും കരസ്ഥമാക്കി.

കുവൈത്തിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 80 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

കുവൈറ്റിലെ മലയാളി സംഘടനകൾക്കുവേണ്ടി സംഘടിപ്പിച്ച പ്രഥമ കേരള ക്വിസ് മത്‌സരത്തിൽ ഫോക്ക് (കണ്ണൂർ) നെ പ്രതിനിധീകരിച്ച ശ്രീജ രമേഷ്, മഞ്ജു സന്തോഷ് ടീം ഒന്നാം സ്ഥാനവും ട്രാസ്‌ക് (തൃശൂർ) നെ പ്രതിനിധീകരിച്ച ബിവിൻ തോമസ്, ഹരി കുളങ്ങര ടീം രണ്ടാം സ്ഥാനവും കെഡിഎ (കോഴിക്കോട്) നെ പ്രതിനിധീകരിച്ച ശ്രീധത്ത്, രശ്മിത ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള ക്വിസിൽ വിവിധ അസിസിയേഷനുകളെ പ്രതിനിധീകരിച്ച് 21 ടീമുകൾ പങ്കെടുത്തു.

ജനുവരി 24 നു (വെള്ളി) ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ക്വിസിംഗ് ചാമ്പ്യൻഷിപ്പിൽ " കളക്ടർ ബ്രോ' എന്നറിയപ്പെടുന്ന പ്രശാന്ത് നായർ ഐഎഎസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും തുടർന്ന് 'പരാജയത്തെ എങ്ങനെ അഭിമുഖീകരിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് എടുക്കുകയും ചെയ്തു. ഇന്‍റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ ജിസിസി ഡയറക്ടർ സ്നേഹജ് ശ്രീനിവാസൻ ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു.

ഉദ്ഘാടന ചടങ്ങിനു അസോസിയേഷൻ പ്രസിഡന്‍റ് സി. ശ്രീനിഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൾ നജീബ് സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. ജനറൽ കൺവീനർ കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ പി.വി. വിനീഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ