കേരളത്തനിമയോടെ കേളി ബത്ഹ ഏരിയ ഈദ്-ഓണം സംഗമം സംഘടിപ്പിച്ചു
Monday, September 23, 2019 10:35 PM IST
റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സര ഇനങ്ങളും കലാപരിപാടികളും ഓണസദ്യയുമൊരുക്കി കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി ഈദ് ഓണം സംഗമം സംഘടിപ്പിച്ചു.

എക്സിറ്റ് പതിനെട്ടിലെ നൂർ അൽമാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബാബു ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് സി.ടി. പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിംഗ്‌ സെക്രട്ടറി കെ.പി.എം.സാദിഖ് , രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌ കുമാർ, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ , പ്രസിഡന്‍റ് ഷമീർ കുന്നുമ്മൽ. ഏരിയ രക്ഷാധികാരി കൺവീനർ അനിൽ അറക്കൽ, ബത്ത എരിയ രക്ഷാധികാരി അംഗം ദസ്തഖീര്‍, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ന്യൂ ഏജ് സെക്രട്ടറി ഷാനവാസ്, സജ്ജാദ് ഐഎംസിസി, എം.ഫൈസൽ, കുടുംബവേദി സെക്രട്ടറി സിബ പി.പി. തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് ചാലിയാര്‍ നന്ദി പറഞ്ഞു.

കേളിയിലേയും കുടുംബവേദിയിലേയും കുട്ടികളും അംഗങ്ങളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. നൗഫല്‍ പൂവക്കുറിശിയും മകന്‍ നിഷാല്‍ നൗഫലും മാജിക് ഷോ അവതരിപ്പിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യ പ്രായോജകരായ ഈദ് ഓണം സംഗമത്തോടനുബന്ധിച്ചു നടന്ന പായസ പാചക മത്സരത്തില്‍ സീനാ സെബിന്‍ ഒന്നാം സ്ഥാനവും ഷൈനി അനില്‍ രണ്ടാം സ്ഥാനവും നേടി. കുട്ടികള്‍ക്കു വേണ്ടിയുള്ള നിരവധി കലാ കായിക മത്സരങ്ങളും അരങ്ങേറി.

തുടര്‍ന്ന്‍ പട്ടുറുമാല്‍ ഫെയിം സജീറിന്‍റെ നേതൃത്വത്തിലുള്ള റിയാദിലെ പ്രഫഷണല്‍ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും കുട്ടികള്‍ക്കുമുള്ള സമ്മാന വിതരണവും നടന്നു. കേളി മുസാമിയ അംഗം കലേഷിന്‍റെ നേതൃത്വത്തില്‍ കേളി അംഗങ്ങളാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്.

കേളി സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രൻ കൂട്ടായ്, ബത്ഹ കുടുംബവേദി യൂണിറ്റ് പ്രസിഡന്‍റ് സജീന സിജിന്‍, കൃഷ്ണൻ, ശശികുമാർ, മുരളി കണിയാരത്ത്, സി.ടി.പ്രകാശൻ, രജീഷ് പിണറായി, സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, വിനോദ്, സെൻ ആന്റണി, സലീം മടവൂർ, ശശികുമാർ, പി.എസ്.എ.റഹ്മാൻ, നജീബ്, സൗബീഷ്, ഹനീഫ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.