കുവൈത്തിൽ നോർക്കയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം സ്വീകരിക്കുന്നു
Monday, September 24, 2018 7:56 PM IST
കുവൈത്ത്: കേരളത്തിന്‍റെ പുനർ നിർമാണത്തിന് കുവൈത്തിലെ എല്ലാവിഭാഗം പ്രവാസികളിൽനിന്നും വിപുലമായ സാന്പത്തിക സഹായം സമാഹരിക്കുന്നതിനായി നോർക്ക റൂട്ട്സിന്‍റെ നേതൃത്വത്തിൽ 7 ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടുന്ന സമിതി വിവിധ പരിപാടികൾ കുവൈത്തിൽ സംഘടിപ്പിക്കും. ചെറുതും വലുതുമായി സമാഹരിക്കുന്ന മുഴുവൻ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകും . കുവൈത്തിലെ ഫണ്ട് സമാഹരണത്തിന് സർക്കാർ ചുമതലയുള്ള നോർക്ക ഡയറക്ടർ രവിപിള്ള മേൽനോട്ടം വഹിക്കും.
ഇതിലേക്കായി എല്ലാവിഭാഗം സംഘടനകളുടെയും യോഗം ഒക്ടോബർ 5 വിളിച്ചുചേർക്കാനും വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടത്താനും തീരുമാനമായി.

നിർബന്ധിതപിരിവ് അല്ലാതെ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന സഹായങ്ങൾ, സാലറിചാലഞ്ച് , സ്ഥാപന ഉടമകൾ ഒരുമാസത്തെ ലാഭവിഹിതം വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ സഹകരണം എന്നിവയിലൂടെ തുകസ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോർത്ത് ഡയറക്ടർ രവിപിള്ള, ലോക കേരളസഭാംഗങ്ങളായ പ്രവാസിക്ഷേമനിധി ബോർഡ്അംഗം എൻ. അജിത്കുമാർ, വർഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീൻ കണ്ണേത്ത്, ബാബു ഫ്രാൻസീസ്, ശ്രീംലാൽ, തോമസ് മാത്യുകടവിൽ, സാം പൈനംമൂട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.