അയിലൂർ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം ക ൃഷി നശിപ്പിച്ചു
1430742
Saturday, June 22, 2024 1:19 AM IST
നെന്മാറ: അയിലൂർ കൽച്ചാടിയിൽ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി. കൽച്ചാടിയിൽ എൽദോസ് പണ്ടിക്കുടിയിൽ, എം. അബ്ബാസ് ഒറവഞ്ചിറ, കുള്ളായി കൃഷ്ണൻ, വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കുരുമുളക് വള്ളികളും താങ്ങുമരങ്ങളും കായ്ച്ചു തുടങ്ങിയ കമുക്, ഫലവൃക്ഷങ്ങൾ തുടങ്ങി നിരവധി മരങ്ങൾ കുത്തിമറിച്ചും, ചവിട്ടിയും ഒടിച്ചും നശിപ്പിച്ചത്. അബ്ബാസിന്റെ കൃഷിയിടത്തിലെ കായ്ച്ചു തുടങ്ങിയ 8 കമുകുകളും കുരുമുളക് പടർത്തിയ മരങ്ങൾ ഉൾപ്പെടെ നിരവധി മരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. എൽദോസിന്റെ 9 കമുകുകളും നിരവധി ഫല വൃക്ഷങ്ങളും നശിപ്പിച്ചിട്ടുണ്ട്. സമീപ കർഷകരായ കൃഷ്ണൻ, വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലൂടെ നടന്നും ചവിട്ടി കുഴച്ചും മണ്ണുവാരിയും വരമ്പുകളും നീർച്ചാലുകളും ചവിട്ടി മെതിച്ചും വ്യാപക നാശം വരുത്തിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളിലെ പ്രായം ചെന്ന പ്ലാവുകളിൽ കുത്തിയും ചവിട്ടിയും മറിച്ചിടാൻ ശ്രമിച്ചതിന്റെ പാടുകൾ കാണുന്നുണ്ട്.
നെന്മാറ വനം ഡിവിഷനു കീഴിലെ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനു കീഴിലെ കൽച്ചാടി മലയോര മേഖലയിലെ സൗരോർജ്ജ വൈദ്യുതവേലി ചെരിച്ചിട്ടും പുഴയ്ക്ക് കുറുകെ പോകുന്ന ഭാഗത്ത് ഉയർത്തിക്കെട്ടിയ വൈദ്യുത വേലിക്ക് അടിയിൽ കൂടിയുമാണ് കൃഷിയിടങ്ങളിലേക്ക് കാട്ടാനകൂട്ടം എത്തിയതെന്നാണ് കൃഷിയിടങ്ങളിലെ കാട്ടാനയുടെ കാൽപ്പാടുകളിൽ നിന്ന് മനസ്സിലാകുന്നതെന്ന് കർഷകർ പരാതി പറഞ്ഞു.
കൽച്ചാടി പുഴയ്ക്ക് കുറുകെ വൈദ്യുതവേലി കടന്നുപോകുന്ന ഭാഗത്ത് വൈദ്യുത വേലി ഉയരത്തിൽ സ്ഥാപിച്ചതിനാൽ കാട്ടാനക്കൂട്ടത്തിന് സുഖമായി കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നുണ്ട്. നിരവധിതവണ ഈ പ്രശ്നം വനം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പ്രതിരോധ നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ പരാതി പറഞ്ഞു. വൈദ്യുത വേലി പ്രവർത്തിപ്പിക്കുന്ന ബാറ്ററിയുടെ ശേഷിക്കുറവു മൂലം വൈദ്യുതി പ്രസരണം ഏതാനും മണിക്കൂറുകൾ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.
കാട്ടാനകളെ കൂടാതെ മാൻ, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയും സ്ഥിരമായി പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പരാതി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനം സർക്കാർ ഉത്തരവായ സൗരോർജ തൂക്കുവേലിയുടെ നിർമാണവും മേഖലയിൽ ആരംഭിച്ചിട്ടില്ല.