നവകേരള സദസിന് ചമയങ്ങളൊരുങ്ങുന്നു; ദുരിതത്തിലായി ബസ് സ്റ്റാൻഡിലെ വ്യാപാരികൾ
1374627
Thursday, November 30, 2023 2:30 AM IST
വടക്കഞ്ചേരി: നവ കേരള സദസിനായി വടക്കഞ്ചേരി ടൗണിൽ തോരണങ്ങളും ദീപാലങ്കാരങ്ങളും നിറയുമ്പോൾ സദസിന്റെ വേദിയൊരുങ്ങുന്ന ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ഏറെ വിഷമത്തിലാണ്. വൈദ്യുതി ഇല്ലാതാകുന്നതാണ് സ്റ്റാൻഡിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത്. പന്തൽ പണികൾക്കായി ലൈൻ ഓഫാക്കുന്നതാണ് പ്രശ്നം. വൈദ്യുതി എപ്പോൾ വരും എന്നറിയാൻ രാവിലെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ ഇപ്പോ വരുമെന്ന് പറയും. എന്നാൽ പല ദിവസവും കറന്റ് വരുന്നത് ഉച്ചയാകുമ്പോഴാണെന്ന് സ്റ്റാൻഡിൽ കട നടത്തുന്ന സന്തോഷ് അറയ്ക്കൽ പറഞ്ഞു.
കെഎസ്ഇബി അധികൃതരെ വിളിച്ച് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്തിൽ പറയണം, എംഎൽഎയോട് പറയണം എന്നൊക്കെ പറഞ്ഞ് കെഎസ്ഇബിയും ഒഴിഞ്ഞുമാറുകയാണ്. ഇലക്ട്രോണിക് കടകൾ, കൂൾബാറുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ തുടങ്ങി കറന്റ് ഒളിച്ചുകളിയിൽ കടകൾക്കൊന്നും പ്രവർത്തിപ്പിക്കാനാകുന്നില്ല. കമ്പ്യൂട്ടർ ബില്ലിംഗും തടസപ്പെടുകയാണ്. പമ്പിംഗ് തടസപ്പെട്ട് ടോയ് ലറ്റുകൾ വരെ വൃത്തിഹീനമായി. ഒരാഴ്ചയായി കച്ചവടവും മന്ദഗതിയിലാണ്. ലൈൻ പൂർണമായും ഓഫാക്കാതെ കടകൾക്ക് തടസമുണ്ടാകാത്ത വിധം വൈദ്യുതി വിതരണം ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അതേസമയം, സ്റ്റാൻഡിൽ നേരത്തെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിനെ നോക്കുകുത്തിയാക്കി അതേ പോസ്റ്റിൽ തന്നെ മറ്റൊരു ലൈറ്റ് സ്ഥാപിച്ചാണ് സ്റ്റാൻഡിലേയ്ക്കുള്ള വെളിച്ചം പരത്തുന്നത്. കേടുവന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ നടപടി എടുക്കാതെയാണ് ഈ പ്രവൃത്തി ചെയ്യുന്നത്.