അഴിമതി ആരോപണം; കുമരംപുത്തൂർ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്
1298746
Wednesday, May 31, 2023 4:09 AM IST
മണ്ണാർക്കാട്: യുഡിഎഫ് ഭരിക്കുന്ന കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനമാണെന്നും പദ്ധതി വിഹിതം വിനിയോഗിക്കുന്നതിൽ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി എ.കെ. അബ്ദുൾ അസീസ് അധ്യക്ഷനായി.
കുന്തിപ്പുഴയിൽ മലിനമായി കിടക്കുന്ന വെള്ളമാണ് കുമരംപുത്തൂർ ശുദ്ധജല വിതരണ പദ്ധതിയിലേക്ക് പന്പ് ചെയ്യുന്നത്. ഇത് ശുദ്ധീകരിക്കാതെ നേരെ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇക്കാര്യം പലതവണ ഭരണസമിതിയിൽ പറഞ്ഞെങ്കിലും ഒരു നടപടിയും ഭരണസമിതി സ്വീകരിക്കുന്നില്ലെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ ഒന്നും പഞ്ചായത്തിൽ കാര്യക്ഷമമായി നടത്താൻ ആവുന്നില്ല. ഇക്കാര്യം ഭരണസമിതിയിൽ ഉന്നയിക്കുന്പോൾ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല എന്നാണ് വിശദീകരിക്കുന്നത്. എന്നാൽ കഴിഞ്ഞതവണ സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നേകാൽ കോടിയിൽ ഒരു കോടിയും ലാപ്സാവുകയാണ് ഉണ്ടായതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.