ദേശീയപാതയിൽ വാഹനങ്ങൾ ഓടുന്നത് തോന്നിയതുപോലെ
1280063
Thursday, March 23, 2023 12:25 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുന്ന കരിങ്കല്ലത്താണിമുതൽ ഒലവക്കോട് താണാവ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ ഓടുന്നത് തോന്നിയതുപോലെ . ഭാരം കയറ്റി പോകുന്ന ചരക്ക് വാഹനങ്ങളെ യാതൊരു ശ്രദ്ധയുമില്ലാതെയാണ് മറികടന്നു പോകുന്നത്.
തുപ്പനാട് വളവിൽ ഭാരം കയറ്റി വന്ന ലോറികൾ എതിർഭാഗത്തുകൂടെ മറികടക്കുന്നത് കണ്ട കെഎസ്ആർടിസി ബസ് ഡ്രൈവർ വണ്ടി റോഡിൽ നിന്നിറക്കിയതിനാൽ അപകടം ഒഴിവായി. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ടോറസും ടാങ്കർ ലോറിയും ഉൾപ്പടെയുള്ള വാഹനങ്ങൾ എതിരെ വരുന്പോൾ റോഡിൽ നിന്നും താഴെയിറക്കേണ്ടിവരികയും ചെയ്യുന്നു. ചെറു വാഹനങ്ങളെ പരിഗണിക്കാതെയാണ് റോഡിന്റെ വശങ്ങളിലൂടെ വലിയ വാഹനങ്ങൾ ഓടിച്ചു പോകുന്നത്.
പെട്ടെന്ന് വെട്ടിച്ച് മാറ്റുന്പോൾ ഇരുചക്രവാഹനങ്ങൾ സമീപത്തെ കുഴികളിൽ വീണ് മറിയാൻ ഇടയാകുന്നു. കാൽനടയാത്രക്കാർക്കുംവാഹനങ്ങളുടെ അമിത വേഗതയിലുള്ള പോക്ക് പലപ്പോഴും അപകടത്തിനിടയാക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തും നടപ്പാതകൾ നിർമിച്ച് കൈവരികൾ സ്ഥാപിച്ച് യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.