നീർച്ചാലായി കുന്തിപ്പുഴ; കുടിവെള്ളം മുട്ടുമോയെന്ന് ആശങ്ക..
1279250
Monday, March 20, 2023 12:41 AM IST
മണ്ണാർക്കാട് : കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കുന്തിപ്പുഴയിൽ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ കുന്തിപ്പുഴ നീർച്ചാലായി മാറി.
ഇതോടെ മണ്ണാർക്കാട് നഗരവാസികളും തെങ്കര കുമരംപുത്തൂർ പഞ്ചായത്ത് നിവാസികളും കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ്.
ഡിസംബറിൽ ഇരുകരയും മുട്ടി ഒഴുകിയിരുന്ന പുഴയാണ് മാർച്ച് ആയപ്പോഴേക്കും നീർച്ചാലായത്.
മണ്ണാർക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് പരിധിയിലുള്ള 20000 ത്തോളം കുടുംബങ്ങൾക്കും നഗരത്തിലെ ആയിര കണക്കിന് ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ജലവിതരണം നടത്തുന്ന മണ്ണാർക്കാട് തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസ് കുന്തിപ്പുഴയോരത്താണ് സ്ഥിതി ചെയ്യുന്നത്.
വേനലിലും വറ്റാത്ത കുന്തിപ്പുഴയിലെ നീരൊഴുക്ക് പ്രതീക്ഷിച്ചാണ് കുന്തിപ്പുഴയോരത്ത് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഈ ഭാഗത്ത് പുഴയിൽ തീരെ വെള്ളമില്ലാത്ത അവസ്ഥയിലാണ്. ഇവിടെ വെള്ളം കെട്ടിനിർത്തുന്നതിന് താൽക്കാലിക തടയണ അധികൃതർ സ്ഥാപിച്ചിട്ടില്ല എന്നതും പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.
കഴിഞ്ഞ കാലങ്ങളിൽ ആറാട്ട്കടവിലും കുന്തിപ്പുഴ പാലത്തിന് താഴെ പോത്തോഴികടവിലും കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമിക്കാറുണ്ട്. ഇത്തവണ താൽക്കാലിക തടയണ നിർമ്മിച്ചിട്ടില്ല. പോത്തോഴികടവിലെ തടയണ നിർമ്മിക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന കുമരംപുത്തൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസിലേക്ക് വെള്ളം ലഭിക്കാനാണ്.
മണ്ണാർക്കാട് മേജർ കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസും കുന്തിപ്പുഴ പാലത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പന്പ് ഹൗസിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും പോത്തോഴികടവ് തടയണ സഹായിക്കാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മണ്ണാർക്കാട് മേഖലയിൽ പലയിടത്തായി വേനൽ മഴ ലഭിച്ചില്ലെങ്കിലും കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല.
കുന്തിപ്പുഴയിൽ നിലവിൽ ഒഴുകുന്ന വെള്ളമെങ്കിലും ആവശ്യത്തിന് സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെങ്കിൽ മണ്ണാർക്കാട്ടുകാർ വരുംദിവസങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവിക്കേണ്ടിവരും.