മൊബൈൽ വെറ്ററിനറി യൂണിറ്റ് അനുവദിച്ചു
1561095
Tuesday, May 20, 2025 6:49 AM IST
മൂവാറ്റുപുഴ: ക്ഷീര കർഷകർക്ക് ആശ്വാസവുമായി വീട്ടുപടിക്കൽ സേവനമെത്തുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് മൂവാറ്റുപുഴയ്ക്ക് അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സഞ്ചരിക്കുന്ന യൂണിറ്റുകളിൽ ഒന്നാണ് മൂവാറ്റുപുഴയ്ക്ക് ലഭിച്ചത്.
ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ സംവാദത്തിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളെ തുടർന്ന് എംഎൽഎ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ സഞ്ചരിക്കുന്ന ആംബുലൻസ് അടക്കമുള്ള യൂണിറ്റ് മൂവാറ്റുപുഴയ്ക്കും അനുവദിച്ചത്. വലിയ മൃഗങ്ങൾ തളർന്നുവീഴുകയോ എഴുന്നേൽക്കാൻ കഴിയാത്തവിധം കിടപ്പിലാവുകയോ ചെയ്താൽ അവയ്ക്ക് യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ടെലി വെറ്ററിനറി പദ്ധതിയും ഇതോടൊപ്പമുണ്ട്.
പദ്ധതി യാഥാർഥ്യമാകുന്നത്തോടെ അടിയന്തര സാഹചര്യങ്ങളിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും സജ്ജമാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രികളായ ആംബുലേറ്ററി ക്ലിനിക്കുകൾ കർഷകരുടെ വീട്ടുപടിക്കൽ ഓടിയെത്തും. മൊബൈൽ ക്ലിനിക്കിൽ വെറ്റിനറി ഡോക്ടർ, ഡ്രൈവർ / അറ്റൻഡർ എന്നിവർ ഉണ്ടാകും.
ടോൾഫ്രീ നന്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം, ബീജദാനത്തിനുള്ള സൗകര്യം എന്നിവ സജ്ജികരിച്ച വാഹനമാണ് മൊബൈൽ യൂണിറ്റിൽ ഉണ്ടാവുകയെന്ന് എംഎൽഎ അറിയിച്ചു.